ബിഹാറില്‍ ട്രബിള്‍ ഷൂട്ടറായി കെസി വേണുഗോപാല്‍, സീറ്റ് ധാരണയ്ക്ക് നിര്‍ണായക ഇടപെടല്‍, മാരത്തോണ്‍ ചര്‍ച്ചയും ഫോണ്‍ വിളികളുമായി പ്രശ്‌നം പരിഹരിച്ചു

12:04 PM Oct 24, 2025 |


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ നിര്‍ണായക ഇടപെടല്‍ നടത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വെണുഗോപാല്‍. മഹാസഖ്യത്തിന്റെ കീറാമുട്ടിയായ സീറ്റ് വിഭജനത്തില്‍ ഇടപെട്ട വേണുഗോപാല്‍ സഖ്യത്തിന്റെ ഐക്യം ഉറപ്പാക്കി.

ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മഹാസഖ്യത്തിന്റെ ഐക്യം ദുര്‍ബലമാകുന്നത് തടയാന്‍, അദ്ദേഹം മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഇടപെടലോടെ 12 സീറ്റുകളിലെ 'സൗഹൃദ മത്സരം' ഒഴിവാക്കി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബര്‍ 6-നും രണ്ടാംഘട്ടം നവംബര്‍ 11-നും നടക്കുന്നത്.

ഡല്‍ഹിയില്‍ തേജസ്വി യാദവുമായി നടന്ന യോഗത്തില്‍ കെ.സി. വേണുഗോപാലാണ് നേതൃത്വം നല്‍കിയത്. സീറ്റ് ധാരണയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തിന് ശേഷം തേജസ്വി യാദവ് പ്രതിഷേധിച്ച് പോയെങ്കിലും, കെ.സി.യുടെ തുടര്‍ചര്‍ച്ചകള്‍ ഫലം കണ്ടു.

പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു ആര്‍ജെഡിയുടെ നിലപാട്. വേണുഗോപാലിന്റെ ഇടപെടലിലൂടെ, ആര്‍ജെഡി 143 സീറ്റുകളും കോണ്‍ഗ്രസ് 61 സീറ്റുകളും എന്ന ധാരണയിലെത്തി. ബാക്കി സീറ്റുകള്‍ ഇടതുപക്ഷത്തിനും മറ്റു പാര്‍ട്ടികള്‍ക്കും നല്‍കും.

കെ.സി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയാണ് പട്‌നയിലേക്ക് അയച്ചത്. ഒക്ടോബര്‍ 22-ന് ഗെഹ്ലോട്ട് ലാലു പ്രസാദ് യാദവ്, റബ്രി ദേവി, തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ബിഹാര്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. മഹാസഖ്യവും എന്‍ഡിഎ (ബിജെപി-ജെഡിയു-എല്‍ജെപി)യും തമ്മിലുള്ള പോരാട്ടം കടുത്തതാകുമെന്നാണ് കണക്കുകൂട്ടല്‍. 

സീറ്റ് തര്‍ക്കം പരിഹരിച്ചത് മഹാസഖ്യത്തിന്റെ ക്യാമ്പെയിന്‍ തന്ത്രത്തിന് ശക്തി പകരും. എന്‍ഡിഎയുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍ മഹാസഖ്യത്തിന്റെ ഐക്യം നിലനിര്‍ത്തി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാന്‍ കെസി വേണുഗോപാലിന് സാധിച്ചു. നിര്‍ണായക തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതുകൊണ്ടുതന്നെ ട്രബിള്‍ ഷൂട്ടറായി മാറിയ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഫലംകാണുമെന്നാണ് പ്രതീക്ഷ.