+

ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണം; ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സംസ്ഥാനം വിട്ട് പുറത്തു പോയവര്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതികള്‍ നല്‍കാന്‍ സൗകര്യമൊരുക്കണമെന്നും കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ആധാര്‍ രേഖയായി അംഗീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 

സംസ്ഥാനം വിട്ട് പുറത്തു പോയവര്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതികള്‍ നല്‍കാന്‍ സൗകര്യമൊരുക്കണമെന്നും കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എസ്ഐആറില്‍ അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിക്കുവാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഇതിനോടൊപ്പം പരിഗണിക്കും.

ആധാര്‍ രേഖയായി അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു തുടക്കം മുതലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. സംസ്ഥാനത്ത് ഇതുവരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 85000 പേര്‍ മാത്രമാണ് പരാതി നല്‍കിയതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ നല്‍കിയത് വെറും രണ്ട് പരാതികള്‍ മാത്രമാണ്. 1, 65,000 ബൂത്ത് ലെവല്‍ ഏജന്റുമാരെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നിയമിച്ചിട്ടുള്ളത്. കമ്മീഷന്‍ നടപടികളുമായി നിസ്സഹരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയും കോടതി ശകാരിച്ചു.
 

facebook twitter