
കോട്ടയം: ഈ വര്‍ഷം പരാതിരഹിതമായി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുന്നതില്‍ സഹകരണമേഖല പ്രധാന പങ്കുവഹിച്ചെന്ന് സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1800 സഹകരണസംഘങ്ങള്‍ വഴി ഉത്പന്നങ്ങൾ സമാഹരിച്ച് വിപണിയിൽ സജീവമായി ഇടപെടാൻ സഹകരണ മേഖലയ്ക്ക് സാധിച്ചു. അംഗ സമാശ്വാസ പദ്ധതി വേറിട്ട മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 43 പ്രാഥമിക സഹകരണസംഘങ്ങളിലെ 162 അംഗങ്ങൾക്കായി അനുവദിച്ച 36.60 ലക്ഷം രൂപയാണ് പദ്ധതിയുടെ ഏഴാംഘട്ട ധനസഹായമായി വിതരണം ചെയ്തത്. പ്രാഥമിക സഹകരണസംഘങ്ങളിലെ ഗുരുതര രോഗങ്ങൾ ബാധിച്ചവരും കിടപ്പുരോഗികളുമായ അംഗങ്ങൾക്ക് സഹായമായി അൻപതിനായിരം രൂപ വരെയാണ് പദ്ധതിയില്‍ സഹകരണ വകുപ്പ് അനുവദിക്കുന്നത്.
പ്രവർത്തന മികവിന് സംസ്ഥാനതല പുരസ്കാരം നേടിയ പാമ്പാടി സർവീസ് സഹകരണ ബാങ്ക്, പനച്ചിക്കാട് റീജണൽ സർവീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
കോട്ടയം സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.
സർക്കിൾ സഹകരണ യൂണിയൻ അധ്യക്ഷരായ അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, ടി. സി. വിനോദ്, ജെയിംസ് വർഗീസ്, ജോയിന്റ് രജിസ്ട്രാർ പി.പി. സലിം, ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ, സഹകരണ സംഘം ഭാരവാഹികളായ വി. എം. പ്രദീപ്, കെ. ജെ. അനിൽകുമാർ, സി.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു.