കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തുകയും മണ്ണ് മാറ്റി പെട്ടെന്ന് നോക്കണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ മണ്ണുമാന്തി യന്ത്രം എത്തിക്കാൻ വഴിയുണ്ടായിരുന്നില്ല. യന്ത്രം കേറി വരാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അല്ലാതെ ഈ വിഷയത്തെ മറ്റൊരു രൂപത്തിൽ വ്യാഖ്യാനിക്കരുതെന്നും മെഡിക്കൽ കോളേജിനെ ആകെ ആക്ഷേപിച്ച് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
തിരച്ചിൽ നിർത്തിവയ്ക്കാൻ പറഞ്ഞിട്ടില്ലെന്നും അത് തെറ്റായ പ്രചാരണമാണെന്നും രാഷ്ട്രീയ ദുരുദ്ദേശത്തോടെ വിഷയത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കുടുംബത്തിന്റെ വീട്ടിൽ പോകും. ഇന്നലെ മൂന്ന് പ്രാവശ്യം വീട്ടുകാരുമായി ബന്ധപ്പെട്ടു. എന്നാൽ വീട്ടിൽ ആരുമില്ലെന്ന് അറിയിച്ചു. എല്ലാവരും മെഡിക്കൽ കോളേജിൽ ആണെന്ന് പറഞ്ഞു. അതിനാലാണ് വീട്ടിലേക്ക് പോവാത്തത്. രാഷ്ട്രീയം കളിക്കുന്നവർക്ക് അതാവാം. യാഥാർഥ്യം ആണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രി സൂപ്രണ്ട് സത്യസന്ധമായി പ്രതികരിച്ചു. 2013-ൽ കെട്ടിടത്തിൻ്റെ മോശം അവസ്ഥയെ കുറിച്ച് പിഡബ്ല്യുഡി റിപ്പോർട്ട് നൽകിയിരുന്നു. യുഡിഎഫ് ഗവൺമെന്റ് അന്ന് നടപടിയെടുത്തില്ല. എൽഡിഎഫ് ഗവൺമെന്റ് വന്നതിനുശേഷമാണ് പുതിയ കെട്ടിട നിർമ്മാണം നടന്നത്. കിഫ്ബിയിൽ നിന്നും 526 കോടി തുക വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കുന്ന പ്രവർത്തനം മാത്രമാണ് ബാക്കിയുള്ളത്. ഗവൺമെന്റിന്റെ ഇച്ഛാശക്തി കൊണ്ടാണ് കെട്ടിടം പണിഞ്ഞത്. ഇതിൽ രാഷ്ട്രീയം പറയുന്നതല്ലെന്നും ഈ യാഥാർത്ഥ്യം എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് പറഞ്ഞ മന്ത്രി സംസ്കാര ചടങ്ങുകൾക്കായി 50,000 രൂപ നൽകുമെന്നും വ്യക്തമാക്കി. മറ്റ് ധനസഹായം മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്നും വാസവൻ പറഞ്ഞു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം ഉണ്ടായത്.ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.