+

വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഉത്തരാഖണ്ഡില്‍ മുന്‍ എംഎല്‍എയെ പുറത്താക്കി ബിജെപി

ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു മുന്‍ എംഎല്‍എയുടെ രണ്ടാം വിവാഹം

ഏക സിവില്‍ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡില്‍ വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം കഴിച്ച മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. മുന്‍ ജ്വാലാപൂര്‍ എംഎല്‍എയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡിനെയാണ് പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. അടുത്തിടെയാണ് സുരേഷ് റാത്തോഡ് വാര്‍ത്താസമ്മേളനം വിളിച്ച് രണ്ടാം വിവാഹ വിവരം അറിയിച്ചത്. നടി ഊര്‍മിള സനവാറിനെയാണ് സുരേഷ് വിവാഹം ചെയ്തത്.

ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു മുന്‍ എംഎല്‍എയുടെ രണ്ടാം വിവാഹം. ബഹുഭാര്യാത്വം നിരോധിക്കുന്ന ഏക സിവില്‍ കോഡ് നടപ്പാക്കിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ ബിജെപി സുരേഷ് റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. റാത്തോഡ് നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരല്ലെന്നും പാര്‍ട്ടിയുടെ അച്ചടക്കവും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളും തുടര്‍ച്ചയായി ലംഘിച്ചതായി കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി സുരേഷ് റാത്തോഡിനെ പുറത്താക്കിയത്.

 'ചില കാരണങ്ങള്‍ മൂലം ഞാന്‍ ഈ ബന്ധം ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. ഇക്കാര്യം ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്' എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് റാത്തോഡ് പറഞ്ഞത്. ഇയാള്‍ ഏറെക്കാലമായി ഊര്‍മ്മിളയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

facebook twitter