കുറഞ്ഞത് പത്ത് മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിക്കാനും അവരെ ഹിന്ദുക്കളാക്കാനും യുവാക്കളോട് ആഹ്വാനം ചെയ്ത് ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ബി ജെ പി നേതാവ്. അങ്ങനെ ചെയ്യുന്നവർക്ക് ജോലി നൽകുമെന്നാണ് മുന്‍ എം എല്‍ എ കൂടിയായ രാഘവേന്ദ്ര പ്രതാപ് സിങിൻ്റെ പ്രഖ്യാപനം.
വിവാഹത്തിന്റെ ചെലവ് തങ്ങൾ നോക്കാമെന്നും രാഘവേന്ദ്ര പറഞ്ഞു. ദുമരിയാഗഞ്ജില്‍ പൊതുപരിപാടിയിലാണ് ഈ വിദ്വേഷം രാഘവേന്ദ്ര വിളമ്പിയത്. സംഭവം വിവാദമായ ശേഷവും നിലപാടില്‍ മാറ്റമില്ലെന്ന് പറയുകയാണ് ഇയാൾ. ദുമരിയാഗഞ്ജില്‍ ഒരു മാസത്തിനിടെ രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ മതംമാറിയെന്ന് അവകാശപ്പെട്ടാണ് ബി ജെ പി ഇവിടെ പൊതുപരിപാടി സംഘടിപ്പിച്ചത്.
ഉത്തർ പ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞാണ് രാഘവേന്ദ്ര ധൈര്യം നൽകുന്നത്. മുസ്ലിം പ്രീണനം നടത്തുന്ന സമാജ്വാദി സര്‍ക്കാരല്ല ഭരിക്കുന്നതെന്നും രാഘവേന്ദ്ര പറഞ്ഞു.