+

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് അനിശ്ചിതത്വത്തില്‍

ഏപ്രില്‍ 12നാണ് റിനോള്‍ഡിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അനിശ്ചിതത്വത്തില്‍. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി റിനോള്‍ഡ് കിരണിന്റെ മൃതദേഹമാണ് നടപടികള്‍ പൂര്‍ത്തിയായിട്ടും മോര്‍ച്ചറിയില്‍ കഴിയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സൗദി അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ ഇതംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്.


എട്ട് വര്‍ഷമായി ദമ്മാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന റിനോള്‍ഡ് കിരണിന്റെ മൃതദേഹമാണ് ഒരു മാസമായി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കഴിയുന്നത്. ഏപ്രില്‍ 12നാണ് റിനോള്‍ഡിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് വിശദ അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് നിയമനടപടികളുമായി സഹകരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.


സ്പോണ്‍സറില്‍ നിന്നും കുടുംബത്തില്‍ നിന്നും മകന്‍ പീഡനം നേരിട്ടതായി മാതാപിതാക്കള്‍ അരോപിച്ചിരുന്നു. എന്നാല്‍ എട്ട് വര്‍ഷമായി ജോലി ചെയ്യുന്ന സ്പോണ്‍സറെയും കുടുംബത്തെയും മരണത്തിന് ശേഷം കുറ്റപ്പെടുത്തുന്നതില്‍ സത്യമില്ലെന്നും സാമൂഹിക പ്രവര്‍ത്തകന്‍ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കാനുള്ളത്. ഇത് വൈകിയാല്‍ സൗദി നടപടിക്രമം അനുസരിച്ച് മൃതദേഹം ഇവിടെ മറവ് ചെയ്യേണ്ടി വരുമെന്നും ഇവരെ ഓര്‍മിപ്പിക്കുന്നു.

Trending :
facebook twitter