ജൂപിറ്റർ മഴ നനയാം പാട്ടും പാടി ഒറ്റയ്ക്കൊരു റൈഡ് പോകുന്ന ടൂട്ടിയെ ഓർമയില്ലേ ? കരിക്ക് പുറത്തിറക്കിയ സീരിസുകളിൽ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു ടൂട്ടിയുടേത്. ആ പാട്ടും ഹെയർസ്റ്റൈലുമൊക്കെ കരിക്ക് ഫാൻസ് ആരും തന്നെ മറക്കാനിടയില്ല. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രൻ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്. ടൂട്ടിയെ കൂടാതെ ഭവാനിയമ്മ, അമ്പാടി, സുര നമ്പൂതിരി, രതീഷ് സാർ, പ്രച്ഛന്നൻ പ്രകാശൻ തുടങ്ങി കരിക്കിലെ പ്രശസ്തമായ പല വേഷങ്ങളും അവതരിപ്പിച്ചത് കൃഷ്ണചന്ദ്രനാണ്.
ഇപ്പോഴിതാ കൃഷ്ണചന്ദ്രന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷനും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ''ഓരോ പുഷിനും ഞാൻ കടപ്പെട്ടിരിക്കുന്നു'' എന്ന ക്യാപ്ഷനോടെയാണ് കോച്ച് അജിത്തിനെയും റാഫേലിനെയും ടാഗ് ചെയ്തുകൊണ്ടുള്ള കൃഷ്ണ ചന്ദ്രന്റെ പോസ്റ്റ്. ''നിങ്ങളുടെ ഫിറ്റ്നസ് യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാറ്റത്തിനായുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും നിങ്ങളിൽ കാണാമായിരുന്നു. നമുക്ക് ഈ പരിശ്രമം തുടരാം'', എന്നാണ് കോച്ച് റാഫേൽ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.
കരിക്കിലെ മറ്റൊരു അഭിനേതാവായ അർജുൻ രത്തൻ അടക്കമുള്ളവർ കൃഷ്ണചന്ദ്രന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''അടുത്ത ഓണത്തിന് മസിലുള്ള മാവേലി റെഡി'' എന്നാണ് ആരാധകരിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. തങ്ങളുടേതായ വഴി തെളിച്ച് പ്രേക്ഷകരുടെ മനസില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടം പിടിച്ച കണ്ടന്‍റ് ക്രിയേറ്റേഴ്സ് ആണ് കരിക്ക് ടീം. പലപ്പോഴും നീണ്ട ഇടവേളകളിലാണ് കരിക്കിന്‍റെ പുതിയ വീഡിയോകള്‍ എത്താറ്. അടുത്തിടെ 'സംംതിങ്ങ് ഫിഷി' എന്ന പേരിൽ ഒരു കോമഡി സീരിസും കരിക്ക് പുറത്തിറക്കിയിരുന്നു. ഈ സീരിസിലും കൃഷ്ണചന്ദ്രൻ അഭിനയിച്ചിരുന്നു.