
തിരുവല്ല : തിരുവല്ലയിലെ നെടുമ്പ്രം പുതിയകാവ് ഗവൺമെൻറ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് റൂമും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ റൂമും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ പൂട്ടുകളും തകർത്തു. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.
സംഭവം അറിത്തെത്തിയ വാർഡ് മെമ്പർ ജിജോ ചെറിയാൻ പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് എത്തിയ എസ് ഐ അടങ്ങുന്ന സംഘം പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബിലും ഓഫീസ് മുറിയിലുമായി സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളും ക്യാമറയും അടക്കമുള്ള വിലപിടിച്ച വസ്തുക്കൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ല എന്ന് പ്രധാന അധ്യാപിക സി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് സ്കൂളിൽ മോഷണവും മോഷണശ്രമവും ഉണ്ടായത്. പ്രധാന അധ്യാപിക നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.