ബ്യൂണസ് അയേഴ്‌സ്: 2026ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോട് വമ്പന്‍ മാര്‍ജിനില്‍ തോറ്റതിന്റെ നാണക്കേടിലാണ് ബ്രസീല്‍. ബ്യൂണസ് അയേഴ്സിലെ മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോട് 4-1 നാണ് ബ്രസീല്‍ തോറ്റത്. റാഫിന്യ, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ മികച്ച കളിക്കാരുണ്ടായിട്ടും ബ്രസീലിന് ജയം നേടാനായില്ല.
യോഗ്യതാ റൗണ്ടിലെ 14-ാം മത്സരത്തില്‍ തോറ്റതോടെ ബ്രസീലിന്റെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ സാധ്യത മങ്ങുമോ എന്ന സംശയത്തിലാണ് ആരാധകര്‍. തോല്‍വിയോടെ, ബ്രസീല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
14 റൗണ്ടുകള്‍ക്ക് ശേഷം 31 പോയിന്റോടെ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ടീം ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. 21 പോയിന്റുള്ള ബ്രസീല്‍ നാലാം സ്ഥാനത്താണ്. നിലവിലെ സ്ഥിതിയില്‍ ബ്രസീല്‍ യോഗ്യത നേടാനാണ് സാധ്യത. ഇനിയുള്ള 4 മത്സരങ്ങള്‍ ടീമിന് നിര്‍ണായകമാണ്.
ലാറ്റിനമേരിക്കയില്‍ നിന്നും ആദ്യ ആറ് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. ഏഴാം സ്ഥാനത്തുള്ള ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫിലേക്കും കടക്കും. അടുത്ത ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കുന്നതുകൊണ്ടാണ് ആറു ടീമുകള്‍ക്ക് യോഗ്യത നല്‍കുന്നത്. കഴിഞ്ഞ ലോകകപ്പ് വരെ 4 ടീമുകള്‍ക്ക് മാത്രമാണ് നേരിട്ട് യോഗ്യത ലഭിച്ചത്. കൂടുതല്‍ ടീമുകളെ ഫൈനല്‍ റൗണ്ടില്‍ എത്തിക്കാനുള്ള പുതിയ നിയമം ബ്രസീലിന് തുണയായി.