വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിലുള്ള സഹകരണത്തിന് ബ്രിക്‌സ് ഒരു സുപ്രധാന വേദിയാകും : നരേന്ദ്ര മോദി

04:30 PM Jul 02, 2025 | Neha Nair

ന്യൂഡൽഹി: വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിലുള്ള സഹകരണത്തിന് ബ്രിക്‌സ് ഒരു സുപ്രധാന വേദിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും , ആഗോളതലത്തിലെ പ്രധാന പങ്കാളികളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുമായി അഞ്ച് രാഷ്ട്ര പര്യടനം നടത്തുന്നതിനിടെയാണ് നരേന്ദ്ര മോദി ഈക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് രാജ്യങ്ങളിലേക്കുള്ള തന്റെ സന്ദർശനം ഗ്ലോബൽ സൗത്തിലെ സൗഹൃദബന്ധങ്ങൾ ദൃഢമാക്കുമെന്നും, അറ്റ്ലാന്റിക്കിന്റെ ഇരുവശത്തുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും, ബ്രിക്സ്, ആഫ്രിക്കൻ യൂണിയൻ, ഇക്കോവാസ്, കാരികോം തുടങ്ങിയ ബഹുമുഖ കൂട്ടായ്മകളിലെ ഇടപെടലുകൾക്ക് ആഴം കൂട്ടുമെന്നും അദ്ദേഹം യാത്ര തിരിക്കും മുമ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

“അടുത്ത കുറച്ച് ദിവസങ്ങളിൽ, ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങളിലെ വിവിധ ദ്വിരാഷ്ട്ര, ബഹുരാഷ്ട്ര, മറ്റ് പരിപാടികളിൽ ഞാൻ പങ്കെടുക്കും. ലോക നേതാക്കളുമായി സംവദിക്കാനും നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള വഴികൾ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നു,” മോദി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

ഗ്ലോബൽ സൗത്തിലെ ഒരു മൂല്യവത്തായ പങ്കാളിയാണ് ഘാന. ആഫ്രിക്കൻ യൂണിയനിലും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക സമൂഹത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സഹ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഘാനയുടെ പാർലമെന്റിൽ സംസാരിക്കുന്നത് ഒരു ബഹുമതിയായിരിക്കും’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൂടാതെ ജൂലൈ 4-5 തീയതികളിൽ താൻ സന്ദർശിക്കുന്ന അർജന്റീനയെ ലാറ്റിൻ അമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയായും ജി 20 യിലെ അടുത്ത സഹകാരിയായും മോദി വിശേഷിപ്പിച്ചു. 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ അർജന്റീന സന്ദർശനമാണിത്. മോദിയുടെ അവസാന ലക്ഷ്യസ്ഥാനം നമീബിയ ആയിരിക്കും. നമീബിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.