വഡോദര : ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്കുവീണ് നിരവധി പേർ മരിച്ചതായാണ് വിവരം. എട്ടോളം പേർ മരിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹിസാഗർ നദിക്കു കുറുകെയുള്ള ഗാംഭീര പാലമാണ് തകർന്നത്. പാലത്തിന്റെ ഒരു ഭാഗം തകർന്ന് മഹിസാഗർ നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി പേർ നദിയിൽ വീണ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്നാണ് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞത്. മൂന്ന് പേർ മരിച്ചെന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നുമാണ് അധികൃതരുടെ ഭാഷ്യം.
ഗുജറാത്തിലെ വഡോദര, ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 900 മീറ്റർ നീളമുള്ള പാലത്തിന് 23 തൂണുകളാണുള്ളത്. ആറ് വാഹനങ്ങൾ നദിയിൽ വീണതായാണ് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞത്. 1985 ലാണ് പാലം നിർമ്മിച്ചതെന്നും ആവശ്യാനുസരണം ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലം തകർന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ മുഴുവൻ സ്ലാബും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞുവെന്ന് പാദ്ര പൊലീസ് ഇൻസ്പെക്ടർ വിജയ് ചരൺ പറഞ്ഞു.