ബ്രിട്ടനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ, ഉഭയകക്ഷി ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഈ സന്ദർശനത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളാകും എന്നാണ് റിപ്പോർട്ടുകൾ. 2014 ൽ അധികാരമേറ്റതിനുശേഷം മോദിയുടെ ബ്രിട്ടനിലേക്കുള്ള നാലാമത്തെ സന്ദർശനമാണിത്. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും ബ്രിട്ടനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
മെയ് 6-ന് പ്രധാനമന്ത്രി മോദിയും ബ്രിട്ടൻ പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് മിസ്രി പറഞ്ഞു. ബ്രിട്ടൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി മാലിദ്വീപിലേക്ക് പോകും. ജൂലൈ 25, 26 ആകും ഇവിടേക്കുള്ള സന്ദർശനം. മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി ‘വിശിഷ്ടാതിഥി’യായിരിക്കും. പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മാലിദ്വീപ് സന്ദർശനമാണിത്.