ഈ വർഷം പ്രേക്ഷകർക്കിടയിൽ റിലീസിന് മുൻപ് ഏറ്റവും ആകാംക്ഷ പകർന്ന ചിത്രങ്ങളിൽ പ്രധാനമായിരുന്നു കൂലി. കോളിവുഡിലെ യുവതലമുറ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായ ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു കൂലിയുടെ യുഎസ്‍പി. വൻ വിജയ ചിത്രങ്ങൾക്ക് ശേഷം ലോകേഷിൻറെ സംവിധാനത്തിൽ എത്തുന്ന ചിത്രം എന്നത് ഇൻഡസ്ട്രിയെ സംബന്ധിച്ചും പ്രതീക്ഷ പകർന്ന കാര്യമായിരുന്നു. എന്നാൽ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ ആദ്യ ദിനം ആദ്യ ഷോകൾക്ക് ശേഷം പ്രേക്ഷകരുടെ വിധിയെഴുത്ത് ചിത്രത്തിന് അനുകൂലമായിരുന്നില്ല. ബോക്സ് ഓഫീസിൽ ചിത്രം വീഴുമോ എന്ന ഭയം ഈ പ്രേക്ഷകാഭിപ്രായങ്ങൾ ഉയർത്തിയെങ്കിലും അത് സംഭവിച്ചില്ല എന്നതിൽ നിർമ്മാതാക്കളായ സൺ പിക്ചേഴ്സിന് ആശ്വസിക്കാം. ഇപ്പോഴിതാ ചിത്രത്തിൻറെ ക്ലോസിംഗ് ബോക്സ് ഓഫീസ് കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്.
ഓഗസ്റ്റ് 14 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 337.31 കോടിയാണ്. നെറ്റ് കളക്ഷൻ 284.84 കോടിയും. വിദേശ മാർക്കറ്റുകളിൽ നിന്ന് ചിത്രം നേടിയത് 177.75 കോടി ആണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഒരു മാസം കൊണ്ട് നേടിയത് 515.06 കോടി ആണെന്ന് സാക്നിൽക് അറിയിക്കുന്നു. 350 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ഇതെന്നായിരുന്നു റിലീസിന് മുൻപ് എത്തിയ റിപ്പോർട്ടുകൾ. ബജറ്റിൻറെ മൂന്നിരട്ടിയോളം കളക്ഷൻ വന്നാൽ മാത്രമേ നിർമ്മാതാവിന് മെച്ചമുണ്ടാകൂ എന്നത് പരിഗണിക്കുമ്പോൾ സൺ പിക്ചേഴ്സിന് കൂലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ വലിയ നേട്ടം ഉണ്ടാക്കിയിട്ടില്ല.
എന്നാൽ ഒടിടി അടക്കമുള്ള റൈറ്റ്സ് വിൽപ്പനയിലൂടെ വലിയ നേട്ടം ഉണ്ടായിട്ടുണ്ടാവാം താനും. ഒടിടി അടക്കമുള്ള റൈറ്റ്സ് വിൽപ്പനയിലൂടെ നിർമ്മാതാക്കൾക്ക് എന്തായാലും വലിയ നഷ്ടം പകർന്ന സംരംഭമാവാൻ ഇടയില്ല കൂലി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. 11 ന് ചിത്രം സ്ട്രീമിംഗും ആരംഭിച്ചു. ചെന്നൈ അടക്കമുള്ള ചുരുക്കം സെൻററുകളിൽ ചിത്രം ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ മൾട്ടിപ്ലെക്സ് ശൃംഖലകളിലെ ചെറിയ കപ്പാസിറ്റി തിയറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. അതിനാൽത്തന്നെ ചിത്രത്തിൻറെ ബോക്സ് ഓഫീസ് കളക്ഷനിൽ ഇനി വലിയ മുന്നേറ്റം ഉണ്ടാവാൻ പോവുന്നില്ല,