+

ബജറ്റിന്‍റെ 28 ഇരട്ടി കളക്ഷന്‍! കന്നഡയിലെ അത്ഭുത ഹിറ്റ്; 'സു ഫ്രം സോ'

ബജറ്റിന്‍റെ 28 ഇരട്ടി കളക്ഷന്‍! കന്നഡയിലെ അത്ഭുത ഹിറ്റ്; 'സു ഫ്രം സോ'

കെജിഎഫ്, കാന്താര പോലെയുള്ള അത്ഭുത വിജയങ്ങള്‍ സംഭവിച്ചിട്ടുള്ള ഇന്‍ഡസ്ട്രി ആണെങ്കിലും കന്നഡ സിനിമയെ സംബന്ധിച്ച് ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതി അത്ര നല്ലതായിരുന്നില്ല. ജൂലൈ റിലീസ് ആയെത്തിയ എക്ക (യുവ രാജ്കുമാര്‍ നായകന്‍) എന്ന ചിത്രമാണ് ഈ വര്‍ഷം 10 കോടിക്ക് മുകളില്‍ നേടിയ ആദ്യ കന്നഡ ചിത്രം. പിന്നീട് ഇന്ത്യ മുഴുവന്‍ കാത്തിരിപ്പ് ഉയര്‍ത്തിയ കാന്താര എത്തിയതോടെ സാന്‍ഡല്‍വുഡിന് അഭിമാനിക്കാനുള്ള വകയൊരുങ്ങി. എന്നാല്‍ കാന്താരയ്ക്ക് മുന്‍പ് തിയറ്ററുകളിലെത്തിയ മറ്റൊരു കന്നഡ ചിത്രം നിര്‍മ്മാതാവിന് വന്‍ ലാഭമായിരുന്നു. ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച്, നായകനായും എത്തിയ സു ഫ്രം സോ ആയിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ക്ലോസിംഗ് ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് കര്‍ണാടകത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍.

ലൈറ്റര്‍ ബുദ്ധ ഫിലിംസിന്‍റെ ബാനറില്‍ രാജ് ബി ഷെട്ടി അടക്കമുള്ളവര്‍ നിര്‍മ്മിച്ച ഈ കോമഡി ഡ്രാമ ചിത്രം ജൂലൈ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. പതിയെ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം കര്‍ണാടകത്തില്‍ അങ്ങോളമിങ്ങോളം തിയറ്ററുകള്‍ നിറച്ചു. പിന്നാലെ എത്തിയ ചിത്രത്തിന്‍റെ മലയാളം പതിപ്പും വിജയം നേടി. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് പുറത്തു വിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ചിത്രത്തിന്‍റെ ആഗോള ക്ലോസിംഗ് കളക്ഷന്‍ 124 കോടിയാണ്.

ഇതില്‍ 96 കോടിയും കര്‍ണാടകത്തില്‍ നിന്നാണ് എന്ന് പറയുമ്പോള്‍ സംസ്ഥാനത്ത് ചിത്രം സൃഷ്ടിച്ച ജനപ്രീതി ആലോചിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 12 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 16 കോടിയുമാണ് ചിത്രം നേടിയത്. കാന്താരയുടെ കളക്ഷനുമായി താരതമ്യം ചെയ്യാനാവാത്ത കളക്ഷനാണ് ചിത്രത്തിന്‍റേതെങ്കിലും ബജറ്റ് പരിശോധിക്കുമ്പോഴാണ് ചിത്രം നിര്‍മ്മാതാവിന് നേടിക്കൊടുത്ത ലാഭത്തിന്‍റെ വലിപ്പം മനസിലാവുക. ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി 4.5 കോടിയാണ് ചെലവായതെന്നും പ്രൊമോഷനുവേണ്ടി മറ്റൊരു 1- 1.5 കോടി മുടക്കിയെന്നും നിര്‍മ്മാതാക്കളില്‍ ഒരാളും നടനും സംവിധായകനുമായ രാജ് ബി ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതായത് പ്രൊഡക്ഷന്‍ ബജറ്റിന്‍റെ 28 ഇരട്ടി കളക്ഷനാണ് ചിത്രം നേടിയത്! ഏത് നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയം.

മറ്റ് റൈറ്റ്സിലും മികച്ച തുക നേടിയ ചിത്രമാണ് ഇത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. 5.5 കോടിക്കാണ് (ജിഎസ്ടി കൂടാതെ) ചിത്രം ജിയോ ഹോട്ട്സ്റ്റാര്‍ വാങ്ങിയിരിക്കുന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങളിലെ വിവരം.

facebook twitter