+

ഭാര്യക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ പാക് പൗരന്റെ ലഗേജില്‍ വെടിയുണ്ടകള്‍

ഇയാളെ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാന്‍ പൗരന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്.


പാകിസ്ഥാനിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ ഇയാളെ പരിശോധനയ്ക്കിടെ സംശയം തോന്നുകയായിരുന്നു. ലഗേജ് സ്‌കാനിംഗിനിടെയാണ് ഇയാളുടെ സ്യൂട്ട്‌കേസിനുള്ളില്‍ 70 എകെ-47 വെടിയുണ്ടകള്‍ സൂക്ഷിച്ചിരിക്കുന്നു എന്നത് കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേസ് വിശദമായി അന്വേഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇയാളെ കൈമാറിയതായി അധികൃതര്‍ അറിയിച്ചു. വെടിയുണ്ടകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലോ കുറ്റകൃത്യത്തിലോ ഉപയോഗിക്കാനാണോ ഉദ്ദേശിച്ചത് എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ നടപടികള്‍ക്കിടയിലുള്ള വീഴ്ചകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

facebook twitter