കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ‌

09:19 AM Aug 19, 2025 | Kavya Ramachandran

കൊല്ലം: സിറ്റി പോലീസ് പരിധിയിൽ മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ. സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ റൈഡർ മിന്നൽപ്പരിശോധനയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവർക്കും വിദ്യാർഥികളുമായി സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുകയായിരുന്ന ആറ് ബസ് ഡ്രൈവർമാർക്കും പിടിവീണു.

കരുനാഗപ്പള്ളിയിൽനിന്നു തിരുവനന്തപുരത്തേക്കുപോയ കെഎസ്ആർടിസി ബസിലാണ് ഡ്രൈവർ മദ്യപിച്ചതായി ഈസ്റ്റ് പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. താലൂക്ക് കച്ചേരി ഭാഗത്തുവെച്ചാണ് ബസ് പിടികൂടിയത്. നഗരത്തിലെ വിവിധയിടങ്ങളിലെ സ്കൂളുകളിലേക്കു പോവുകയായിരുന്ന മൂന്ന്‌ ബസുകളും കോളേജുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ രണ്ട്‌ ബസുകളുമാണ് പിടികൂടിയത്.

കരാറടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികളെ കൊണ്ടുപോയിരുന്ന വാഹനവും പിടികൂടിയതിൽപ്പെടും. തിങ്കളാഴ്ച രാവിലെ 6.30 മുതൽ 8.30 വരെ 260 ബസുകളിലാണ് പരിശോധന നടത്തിയത്. കൊല്ലം ചിന്നക്കട,F താലൂക്ക് ജങ്ഷൻ, അയത്തിൽ, കല്ലുംതാഴം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. യൂണിഫോം ഉപയോഗിക്കാതിരുന്നതിന് രണ്ടുപേർക്കും കണ്ടക്ടർ ലൈസൻസ് ഇല്ലാതിരുന്ന ഒരാൾക്കും പിഴ ചുമത്തി.

കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ വെസ്റ്റ്‌ സിഐ ആർ. ഫയാസ്, ഈസ്റ്റ്‌ എസ്ഐ വിപിൻ, കിളികൊല്ലൂർ എസ്ഐ ശ്രീജിത്ത്, ഇരവിപുരം എസ്ഐ ജയേഷ്, ജൂനിയർ എസ്ഐ സബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനാവിവരം ഡ്രൈവർമാർ വാട്സാപ്പ് ഗ്രൂപ്പ് വഴി കൈമാറിയതിനാൽ ചില ബസുകൾ വഴിയിൽ സർവീസ് നിർത്തിവെച്ചതായും പരാതി ഉയർന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.