ഡല്‍ഹിയില്‍ ആം ആദ്മിയെ പ്രതിരോധത്തിലാക്കി വീണ്ടും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ആപ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയില്‍ ഉണ്ടായ ഗുരുതര അനാസ്ഥകളെക്കുറിച്ചാണ് സിഎജിയുടെ രണ്ടാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ആപ് സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയില്‍ അവതരിപ്പിച്ചതാണ് റിപ്പോര്‍ട്ട്
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 787.91 കോടി രൂപയില്‍ 582.84 കോടി രൂപ മാത്രമാണ് ആം ആദ്മി ഉപയോഗിച്ചത്. 2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകളെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ആം ആദ്മി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായിരുന്ന മൊഹല്ല ക്ലിനിക്കുകളുടെ അടിസ്ഥാന സ്ഥിതിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ആയുഷ് ഡിസ്‌പെന്‍സറികളുടെ അവസ്ഥ പരിതാപകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 49 ഡിസ്‌പെന്‍സറികളില്‍ 17 എണ്ണത്തില്‍ വൈദ്യുതി ലഭിക്കുന്നില്ല. മറ്റ് ആയുഷ് ഡിസ്‌പെന്‍സറികളില്‍ ടോയ്ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവുമില്ല. ആരോഗ്യ ജീവനക്കാര്‍ക്ക് വേതനം കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മാനവ വിഭവശേഷി വികസനത്തിനായി 52 കോടി രൂപ അനുവദിച്ചെങ്കിലും 30.52 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാസ്‌കുകള്‍ക്കും മരുന്നുകള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും കേന്ദ്രം 119.85 കോടി രൂപ അനുവദിച്ചു, അതില്‍ 83.14 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് കാലയളവില്‍ നിര്‍മാണത്തിലുണ്ടായിരുന്നത് എട്ട് ആശുപത്രികളായിരുന്നു. അതില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ആശുപത്രികളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്. ശസ്ത്രക്രിയകള്‍ക്കായി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടിവന്ന അനസ്ഥ ഉണ്ടായിട്ടുണ്ട്. ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. 14 ആശുപത്രികളില്‍ ഐസിയു സേവനങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.