ദില്ലി: നവംബര്‍ 13ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ് ചൈനീസ് ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 15. ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15 ഫോണിന്‍റെ ഇന്ത്യന്‍ വില ലീക്കായി. വണ്‍പ്ലസ് 15 ഇന്ത്യന്‍ വേരിയന്‍റിന്‍റെ ക്യാമറ, ഡിസ്‌പ്ലെ, ചിപ്‌സെറ്റ് തുടങ്ങിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വണ്‍പ്ലസ് 15-ന് ഇന്ത്യയില്‍ എത്ര രൂപയാകും?
ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന സ്‌മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 15. ചൈനയില്‍ ഇതിനകം ഈ ചിപ്‌സെറ്റില്‍ വണ്‍പ്ലസ് 15 ലഭ്യമായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന് മത്സരം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ട് വരുന്ന വണ്‍പ്ലസ് 15 അടുത്ത തലമുറ ആന്‍ഡ്രോയ്‌ഡ് അനുഭവം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 13-ന്‍റെ പിന്‍ഗാമിയായി എത്തുന്ന വണ്‍പ്ലസ് 15 ഫോണിന് ഇന്ത്യയില്‍ 65,000-ത്തിനും 75,000-ത്തിനും ഇടയില്‍ വിലയായിരിക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. ചൈനയില്‍ വണ്‍പ്ലസ് 15-ന്‍റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്‍റിന് 3,999 യുവാന്‍ (ഏകദേശം 50,000 ഇന്ത്യന്‍ രൂപ) ആണ് വില. ഇന്ത്യയില്‍ ഹൈ-എന്‍ഡ് സ്‌മാര്‍ട്ട്‌ഫോണുകളുടെ നിരയില്‍ ആയിരിക്കും വണ്‍പ്ലസ് 15-ന് സ്ഥാനം എന്നുറപ്പാണ്.
വണ്‍പ്ലസ് 15 സ്പെസിഫിക്കേഷനുകള്‍
ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ഒഎസ് 16 പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലേക്ക് വരുന്ന വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഡീറ്റൈല്‍മാക്‌സ് എഞ്ചിന്‍റെ പുത്തന്‍ ക്യാമറ സാങ്കേതികവിദ്യ അവതരിപ്പിക്കും. 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍-ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 15-ലുണ്ടാവുക. ഹാസ്സല്‍ബ്ലാഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചാണ് ക്യാമറ വിഭാഗത്തില്‍ വണ്‍പ്ലസ് സ്വന്തം ടെക്‌നോളജി അവതരിപ്പിക്കുന്നത്. മൂന്ന് നിറങ്ങളിലായിരിക്കും വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. നവംബര്‍ 13ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതല്‍ വണ്‍പ്ലസ് 15 വാങ്ങാനാകും. ബ്രാന്‍ഡിന്‍റെ ഗ്ലോബല്‍ ലോഞ്ച് ഇവന്‍റില്‍ മാത്രമേ വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില അടക്കമുള്ള സമ്പൂര്‍ണ സ്‌പെസിഫിക്കേഷനുകള്‍ വണ്‍പ്ലസ് അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ.
165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.78 ഇഞ്ച് ഡിസ്‌പ്ലെയായിരിക്കും വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണിന് വരിക. 7,300 എംഎഎച്ച് ബാറ്ററി, 120 വാട്‌സ് സൂപ്പര്‍ ഫ്ലാഷ് വയേര്‍ഡ് ചാര്‍ജിംഗ്, 50 വാട്‌സ് വയര്‍ലെസ് ഫ്ലാഷ് ചാര്‍ജിംഗ് പിന്തുണ എന്നിവ വണ്‍പ്ലസ് 15 ഹാന്‍ഡ്‌സെറ്റിലുണ്ടാകും. ഗെയിമിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് വണ്‍പ്ലസ് 15 അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.