കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ് സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സായൂജിനെതിരായ പരാതി. ഇതിനെ തുടര്‍ന്ന് ജൂണ്‍ 13ന് സായൂജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നായിരുന്നു സായൂജിന്റെ വാദം.50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യത്തിലും ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.