യൂട്യൂബ് വീഡിയോയിലൂടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് ; അറസ്റ്റിലായ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

05:45 AM May 06, 2025 |


യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നല്‍കി പണം തട്ടുന്നുവെന്ന് വാര്‍ത്ത നല്‍കി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

 വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വസ്ത്രം മാറ്റാന്‍ പോലും അനുവദിച്ചില്ലെന്നുമാരോപിച്ച് മറുനാടന്‍ മലയാളി ചാനല്‍ പ്രവര്‍ത്തകരും രംഗത്ത് വന്നു. 
ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും പറഞ്ഞു. ഒരു കേസിലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'പ്രായമായ അപ്പന്റെയും അമ്മയുടെയും മുന്നില്‍ നിന്ന് എന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് എന്നോട് പറഞ്ഞിട്ടില്ല. മകള്‍ക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ' എന്നും ഷാജന്‍ പ്രതികരിച്ചു.