വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ചു, അനാവശ്യമായി സ്പർശിച്ചു; പ്രധാനാധ്യാപകനെതിരെ കേസ്

07:36 PM Aug 06, 2025 | Kavya Ramachandran

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്ത പ്രധാനാധ്യാപകനെതിരെ കേസ്. സർക്കാർ സ്കൂളിന് അനുവദിച്ച ലാപ്‌ടോപിൽ നിന്നാണ് ഇയാൾ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്. സരസാവ ബ്ലോക്കിലുള്ള അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം. നന്ദലാൽ സിങെന്നാണ് ഇയാളുടെ പേര്.


വിദ്യാർത്ഥിനികൾ വീട്ടിലെത്തി കാര്യങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് വിഷയം പൊലീസിന് മുന്നിലെത്തിയത്. ക്ലാസ്‌റൂമില്‍ വച്ചാണ് പ്രധാനാധ്യാപകന്‍ ദൃശ്യങ്ങൾ കാണിച്ചതെന്നും ഇതിനെതിരെ പ്രതികരിച്ചതോടെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു.

വിവരമറിഞ്ഞ രക്ഷിതാക്കൾ ആദ്യം സ്‌കൂളിലെത്തി പ്രധാനാധ്യാപകനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഇയാളെ ഒരു കൂട്ടം ആളുകൾ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.