ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതാർഹമായ നടപടിയാണ് ; രാഹുൽ ഗാന്ധി

03:00 PM May 01, 2025 |


ഡൽഹി : ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമായ നടപടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് കോൺഗ്രസിന്റെ ദർശനമായിരുന്നുവെന്നും അവർ അത് സ്വീകരിച്ചതിൽ തങ്ങൾക്കു സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജാതി സെൻസസ് പൂർത്തിയാക്കാൻ ഞങ്ങൾ സർക്കാരിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തും. ജാതി സെൻസസ് പൂർത്തിയാക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കുമെന്നു ഞങ്ങൾ കരുതുന്നു. 50 ശതമാനം പരിധി നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പഹൽഗാമിലെ ഭീകരാക്രമണം ക്രൂരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനു കൃത്യമായി മറുപടി നൽകണം. സർവകക്ഷി യോഗത്തിൽ എല്ലാവരും സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണച്ചു. ശക്തവും യുക്തവുമായ നടപടി സമയം നഷ്ടപ്പെടുത്താതെ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.