മോഷ്ടിക്കാൻ ഹോട്ടലിലെത്തി; വിശന്നപ്പോൾ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു; സിസിടിവി കണ്ടതോടെ പ്രതി ഓടി, സംഭവം പാലക്കാട്

02:48 PM May 22, 2025 |


പാലക്കാട്: ഹോട്ടലിൽ പണം മോഷ്ടിക്കാനെത്തിയ ആൾ സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ചന്ദ്രനഗർ ജങ്ഷന് സമീപം ദേശീയപാതയോരത്തെ ഹോട്ടലിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ ഇയാൾ വിശന്നപ്പോൾ ഹോട്ടലിൽ വെച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനിടെയാണ് സിസിടിവി കണ്ടതും ഓടിരക്ഷപ്പെട്ടതും.

ഇന്നലെ പുല‍ർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ജീവനക്കാ‍ർ പോയ ശേഷം പിൻവാതിൽ പൊളിച്ചാണ് ഇയാൾ ഹോട്ടലിനുള്ളിൽ കയറിയത്. ഹോട്ടലിൽ മേശയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ചാർജറും ഇയാൾ മോഷ്ടിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ ഓംലെറ്റ് ഉണ്ടാക്കി കഴിച്ചത്. ഫ്രിഡ്ജിൽ ഇരുന്ന ബീഫ് ഇയാൾ പാചകം ചെയ്യുകയും ചെയ്തു.

ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാൾ സിസിടിവി കാണുന്നത്. ഇതോടെ ഭക്ഷണം അവിടെവെച്ച് പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.