തളിപ്പറമ്പ : സിനിമനടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും നാടക കലാകാരനും ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് സെക്രട്ടറിയുമായ യദുസാന്തിനെയും സുഹൃത്തുക്കളെയും അകാരണമായി ക്രൂരമായി മർദ്ദിച്ച ബിജെപി - ആർഎസ്എസ് ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കലാകാരന്മാരോടും കലാആവിഷ്കാരങ്ങളോടുമുള്ള സംഘപരിവാർ വിരോധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. റാപ്പ് ഗായകൻ വേടന് നേരെയും എമ്പുരാൻ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും നേരെയും സമീപകാലത്താണ് സംഘപരിവാർ ഭീഷണി ഉയർത്തിയത്.ബിജെപി സ്വാധീന മേഖലയായ ചിന്മയ സ്കൂൾ പരിസരത്ത് സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാടക ക്യാമ്പ് നടന്നിരുന്നു.
ക്യാമ്പിന്റെ മുഖ്യ സംഘാടകനായിരുന്നു യദുസാന്ത്. തളിപ്പറമ്പ് നഗരസഭ ബിജെപി കൗൺസലറുടെ അനുജന്റെ മകനും സഹപാഠിയുമായ വൈഷ്ണവിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയ യദുസാന്തിനെ ഈ വിഷയം പറഞ്ഞു കൊണ്ടാണ് സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചത്.
എന്നാൽ യദുസാന്തിനെയും കൂട്ടുകാരെയും അക്രമിച്ചതിന് വിചിത്രമായ വാദങ്ങളുമായി സംഘപരിവാറുകാർ സൈബർ ആക്രമണവും തുടങ്ങിയിട്ടുണ്ട്. നുണപ്രചാരണങ്ങളിലൂടെ കുട്ടികളെ അധിക്ഷേപിക്കുന്നതിൽനിന്ന് ഇക്കൂട്ടർ പിന്മാറണം.
പിറന്നാൾ ആഘോഷം നടന്ന വീടിന് സമീപത്തെ ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ വയനാശാലയിൽ വൈകുന്നേരമാകുമ്പോൾ മദ്യപാനവും മറ്റ് അരാജകപ്രവർത്തനങ്ങൾ കാരണം നാട്ടുകാർ കാലങ്ങളായി പ്രയാസമനുഭവിക്കുകയാണ് .
ഇതിനെതിരെയും പ്രതിഷേധമുയരണം. ആർഎസ്എസ് ബിജെപി അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് നീതി ലഭിക്കണമെന്നും അക്രമികൾക്കെതീരെ കർശന നടപടിയെടുക്കണമെന്നും ഡിവൈഎഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.