+

ചാക്കോച്ചന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് വരണം, മെനുവും രുചിയും അറിയുകയും ചെയ്യാം; ക്ഷണിച്ച് വി ശിവന്‍കുട്ടി

'നമുക്കറിയാം ജയിലുകളിലാണ് ഇപ്പോള്‍ കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടുന്നത്. അതില്‍ മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്', എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.

നടന്‍ കുഞ്ചാക്കോ ബോബനെ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നും നടന് സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന്റെ മെനുവും രുചിയും അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന് തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ സ്‌കൂളിലേക്ക് ക്ഷണിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

'മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്'- കുഞ്ചാക്കോ ബോബന്‍'
ഈ രൂപത്തിലുള്ള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് ചാക്കോച്ചന്‍ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകള്‍ ഞാന്‍ കേട്ടു. ചാക്കോച്ചന്‍ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും.
കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

'നമുക്കറിയാം ജയിലുകളിലാണ് ഇപ്പോള്‍ കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടുന്നത്. അതില്‍ മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്', എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പരിഷ്‌കരിച്ച മെനു അനുസരിച്ചാണ് ഉച്ചഭക്ഷണം നല്‍കുന്നത്. കുട്ടികളില്‍ വിളര്‍ച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങളുള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലുമുണ്ടാകും. ഇതിനൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയുടെ ചമ്മന്തിയും വേണം. മറ്റുള്ള ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവുമുണ്ടാകും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രി നടനെ ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

facebook twitter