+

കരുത്ത് കാട്ടാൻ കൊമ്പൻ, ഇടിമുഴക്കമാകാൻ വേഴാമ്പൽ, രസിപ്പിക്കാൻ ചാക്യാർ; കെ.സി.എല്ലിൻ്റെ ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി

കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നൽകാൻ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ പ്രകാശനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങൾ. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നൽകാൻ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ പ്രകാശനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങൾ. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നത്.

ലീഗിലെ ടീമുകളുടെ കരുത്തും ആവേശവും കളിയോടുള്ള സമീപനവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പൻ. കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ആന, ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്നത് കെസിഎൽ ടി20യുടെ ഗൗരവത്തെയും മത്സരവീര്യത്തെയും സൂചിപ്പിക്കുന്നു. കളിക്കളത്തിലെ ഈ കരുത്തിനും വീറിനും നാടാകെ ലഭിക്കുന്ന പ്രചാരത്തിൻ്റെ പ്രതീകമാണ് കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പൽ. വേഴാമ്പലിന്റെ  ശബ്ദം കാടുകളിൽ മുഴങ്ങുന്നതുപോലെ, കെസിഎൽ ടി20യുടെ ആവേശം കേരളത്തിലുടനീളവും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്കും എത്തുമെന്ന സന്ദേശവും ചിഹ്നം നൽകുന്നു. കൂടാതെ, താരങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന കായികക്ഷമതയും മനോബലവും ഭാഗ്യചിഹ്നത്തിൽ പ്രതിഫലിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പക്ഷിയുടെ ജീവിതം, ഒരു കായികതാരത്തിന് വേണ്ട അതിജീവനശേഷിയുടെയും ലക്ഷ്യബോധത്തിന്റെയും സന്ദേശം കൂടിയാണ് നൽകുന്നത്. 'കാടിന്റെ കർഷകർ' എന്ന് വിശേഷണവും വേഴാമ്പലിന് സ്വന്തമാണ്. അതിനാൽ പുതിയ താരങ്ങളെ വാർത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിന്റെയും പ്രതീകമാണ് വേഴാമ്പൽ.

മത്സരത്തോടൊപ്പം കാണികൾക്ക് സമ്പൂർണ്ണ വിനോദം ഉറപ്പാക്കുകയും കെസിഎല്ലിന്റെ ലക്ഷ്യമാണെന്ന സൂചനയാണ് ഭാഗ്യചിഹ്നമായ ചാക്യാർ നൽകുന്നത്. കളിക്കളത്തിലെ ഓരോ നീക്കത്തെയും താരങ്ങളുടെ പ്രകടനങ്ങളെയും അമ്പയറുടെ തീരുമാനങ്ങളെയും വരെ നർമ്മത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ണുകളോടെ കാണുന്ന കാണിയുടെ പ്രതീകമായി ചാക്യാർ മാറും. ഒരുതരത്തിൽ, ലീഗിന്റെ 'തേർഡ് അമ്പയർ' ആയും അതേസമയം കാണികളുടെ കൂട്ടുകാരനായും ഈ ഭാഗ്യചിഹ്നത്തെ കാണാം. ക്രിക്കറ്റ് കളിക്കളത്തിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ ചർച്ചകളും വിശകലനങ്ങളും കൂടിയാണ് ആരാധകർക്ക് ആവേശം പകരുന്നത്. ഈ വിനോദത്തെയും വിമർശനത്തെയും ഒരുപോലെ പ്രതിനിധീകരിക്കാൻ ചാക്യാരെക്കാൾ മികച്ചൊരു പ്രതീകമില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു. ടി20 ക്രിക്കറ്റിനെ നിർവചിക്കുന്ന വിനോദത്തിനും ആവേശത്തിനും ഒപ്പം കളിയെക്കുറിച്ചുള്ള നിരൂപണങ്ങൾക്കും വിശകലനങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ചാക്യാർ എന്ന ഭാഗ്യചിഹ്നം. കേരളത്തിന്റെ തനത് കലാരൂപമായ ചാക്യാർകൂത്തിലെ കഥാപാത്രം, സാമൂഹിക വിമർശനങ്ങളും നർമ്മവും സമന്വയിപ്പിച്ച് സദസ്സിനെ കയ്യിലെടുക്കുന്ന കലാകാരനാണ്. ഇതേ ആശയം ഉൾക്കൊണ്ടാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നമായി ചാക്യാറെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മൂന്ന് ചിഹ്നങ്ങളും പരസ്പരം ചേരുമ്പോഴാണ് കെസിഎല്ലിന്റെ പൂർണ്ണ ചിത്രം ലഭ്യമാകുക. കരുത്തുറ്റ മത്സരങ്ങൾ, വ്യാപകമായ ജനപ്രീതി, ആസ്വാദ്യകരമായ വിനോദം എന്നിവയുടെ ഒരു സമ്പൂർണ്ണ പാക്കേജായിരിക്കും കേരള ക്രിക്കറ്റ് ലീഗ് നൽകുന്നതെന്ന സന്ദേശമാണ് ഭാഗ്യചിഹ്നങ്ങളിലൂടെ കെസിഎ നൽകുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. ചിഹ്നങ്ങൾ കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മത്സരവേദികളിൽ കൊമ്പനും ചാക്യാറും വേഴാമ്പലും നിറസാന്നിധ്യമാകും. പുതിയ സീസന് മുന്നോടിയായുള്ള ആവേശം വാനോളമുയർത്താൻ ഭാഗ്യചിഹ്നങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ഭാഗ്യചിഹ്നങ്ങൾക്ക് പേര് നൽകൂ, നേടാം സമ്മാനം

കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പൻ, വേഴാമ്പൽ,  ചാക്യാർ എന്നിവയ്ക്ക് പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. തെരഞ്ഞെടുത്ത പേരുകൾക്ക് പുരസ്‌കാരം നൽകുമെന്ന് കെസിഎ അറിയിച്ചു. പേരുകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും കെസിഎല്ലിൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ സന്ദർശിക്കുക.

facebook twitter