
ദേശം : ചെങ്ങമനാട് പുറയാർ ഭാഗത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പെരിങ്ങോട്ടുകര പനങ്ങാട്ട് വീട്ടിൽ നിനീഷിന്റെ ഭാര്യ സിന്ധുവാണ് (45) മരിച്ചത്. തൃശൂർ പെരിങ്ങോട്ടുകര പൂക്കാട്ട് കുടുംബാംഗം മോഹനന്റെ മകളാണ്.
ബുധനാഴ്ച വൈകീട്ട് 4.45ഓടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിനാണ് ഇടിച്ചത്. അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. ആളെ തിരിച്ചറിയാതെ വന്നതോടെ ഗ്രാമപഞ്ചായത്ത് അംഗം നഹാസ് കളപ്പുരയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മൃതദേഹത്തെ സംബന്ധിച്ച് സൂചന നൽകിയതോടെയാണ് രാത്രി തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, ഗാന്ധിപുരം വാർഡുകളിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു സിന്ധുവും കുടുംബവും. മാനസിക അസ്വസ്ഥതയുള്ളതിനാൽ പതിവായി മരുന്ന് കഴിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് നിനീഷിന് പഴയ വാഹനങ്ങളുടെ വിൽപനയാണ്. ഗാന്ധിപുരത്തെ വാടക വീട്ടിൽ നിന്ന് വൈകുന്നേരത്തോടെയാണ് സിന്ധു വീട്ടിൽ നിന്നിറങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. മക്കളില്ല. റെയിൽവേ പൊലീസും നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ.