ചെന്നൈ : കേരളത്തിന് പിന്നാലെ 'കോളനി' എന്ന വാക്ക് നീക്കാനൊരുങ്ങി തമിഴ്നാടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകളിൽ നിന്നും രേഖകളിൽ നിന്നും കോളനി എന്ന വാക്ക് നീക്കുമെന്ന് എം കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. ജാതിവിവേചനത്തിന്റെയും കീഴാളർ അനുഭവിച്ച തൊട്ടുകൂടായ്മയുടെയും പ്രതീകമാണ് കോളനി എന്ന വാക്ക്. നമ്മുടെ മണ്ണിൽ പണ്ട് കാലം മുതൽക്കേ ജീവിച്ചുവരുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത് എന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
രേഖകളിൽ നിന്ന് നീക്കുക മാത്രമല്ല, ജനങ്ങൾ കോളനി എന്ന വാക്ക് ഉപയോഗിക്കാതെയിരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും സ്റ്റാലിൻ അറിയിച്ചു. കോളനി എന്ന വാക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം.
കഴിഞ്ഞ വർഷമാണ് കേരളം 'കോളനി' എന്ന വാക്ക് ഔദ്യോഗികമായി ഒഴിവാക്കിയത്. ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് മുമ്പായിരുന്നു പേരിനൊപ്പമുള്ള 'കോളനി' എന്ന വാക്ക് ഒഴിവാക്കുന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.
കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് നിര്‍ദേശം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളന്മാര്‍ ഉണ്ടാക്കിയതാണ്. പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുമെന്നും ഉത്തരവിന് പിന്നാലെ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.