റായ്പൂര്‍: ഛത്തിസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് റെയില്‍വേ സ്റ്റേഷനില്‍വച്ച് മലയാളികളായ കന്യാസ്ത്രീകള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആക്രമണം. മൂന്ന് യുവതികള്‍ക്കും ഒരു കൗമാരക്കാരനും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞുവച്ച് ബജ്റംഗ്ദള്‍ ആക്രമികളാണ് അപമാനിച്ചത്. സിറോ മലബാര്‍ സഭയുടെ കീഴില്‍ ആലപ്പുഴ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന മേരി, പ്രീതി ഫ്രാന്‍സിസ് എന്നിവരാണ് അതിക്രമത്തിനിരയായത്. അങ്കമാലി, കണ്ണൂര്‍ സ്വദേശിനികളായ ഇവര്‍ റിമാന്‍ഡിലാണ്.
കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ഹോളി ഫാതിമ ആശുപത്രിയിലേക്ക് ജോലിക്ക് പോകാനായി കന്യാസ്ത്രീകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്ന 19നും 22 നും ഇടയ്ക്ക് പ്രായമുള്ള യുവതികളെയും യുവാവിനെയുമാണ് തടഞ്ഞുവയ്ക്കുകയും കൈയേറ്റംചെയ്യുകയും ചെയ്തത്. പാറ്റ്ഫോം ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ കന്യാസ്ത്രീകള്‍ക്കൊപ്പം ഹിന്ദു പെണ്‍കുട്ടികളും യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരെ അറിയിക്കുകയുമായിരുന്നു. ഇതോടെ ഒരുകൂട്ടം അക്രമികള്‍ സ്റ്റേഷനിലെത്തി ഇവരെ ചോദ്യംചെയ്യുകയും ശാരീരികമായി കൈയേറ്റത്തിന് മുതിരുകയുംചെയ്തു. പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും മതപരിവര്‍ത്തനത്തിന് കൊണ്ടുപോകുകയാണെന്നും സംഭവം മനുഷ്യക്കടത്താണെന്നും ആരോപിച്ചായിരുന്നു ബജ്റംഗ്ദള്‍ അക്രമം. ലൗ ജിഹാദ് തടയാനെന്ന് അവകാശപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന വിവാദമായ മതപരിവര്‍ത്തന നിരോധനനിയമം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരായ നടപടി.
മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചെങ്കിലും അക്രമികള്‍ അത് അവഗണിച്ച് അവഹേളനം തുടര്‍ന്നു. മാതാപിതാക്കള്‍ സ്വന്തം ആധാര്‍ കാര്‍ഡുകളുടെ പകര്‍പ്പുകള്‍ സഹിതം രേഖാമൂലമുള്ള സമ്മതപത്രം നല്‍കിയത് സമര്‍പ്പിച്ചെങ്കിലും അക്രമികള്‍ അത് അവഗണിക്കുകയായിരുന്നു. പിന്നീട് റെയില്‍വെ പൊലിസെത്തി മൂന്ന് യുവതികളെയും ദുര്‍ഗിലെ വനിതാ ക്ഷേമ സമിതി കേന്ദ്രത്തിലേക്ക് മാറ്റി. ബജ്റംഗ്ദളിന്റെ പരാതിയില്‍ പിന്നീട് പ്രീതി മേരിയെയും വന്ദന ഫ്രാന്‍സിസിനെയും ദുര്‍ഗ് റെയില്‍വേ പൊലിസ് അറസ്റ്റ്ചെയ്തു.
മാതാപിതാക്കളെ പൊലിസ് ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ അറിവോടെയാണ് ക്രിസ്ത്യന്‍ സ്ഥാപനത്തില്‍ മക്കള്‍ ജോലിക്ക് പോയതെന്ന് അവര്‍ മറുപടി പറഞ്ഞെങ്കിലും പെണ്‍കുട്ടികളെ കേന്ദ്രത്തില്‍നിന്ന് വിട്ടയച്ചില്ല. ഗ്രാമത്തലവനും പെണ്‍കുട്ടികളുടെ മാതാപിതാക്കളും ദുര്‍ഗിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഛത്തിസ്ഗഡിലെ കത്തോലിക്കാ സഭാ നേതൃത്വം അപലപിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാസിയസ് പറഞ്ഞു.