ഗവർണർക്കെതിരായ വിധി ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത് :മുഖ്യമന്ത്രി

02:19 PM Apr 08, 2025 | AVANI MV


തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയിൽ ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിർമാണസഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതക്കെതിരായ താക്കീത് കൂടിയാണ് വിധി. അത് ജനാധിപത്യപത്യത്തിൻറെ വിജയമാണ്.

നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് സുപ്രീംകോടതി വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.