
പാലക്കാട് : കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും ജനസൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പൊലീസ് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് കോമ്പൗണ്ടില്‍ പുതിയതായി നിര്‍മ്മിച്ച യു എസ് ക്യൂ ക്വാര്‍ട്ടേഴ്‌സ്, ചിറ്റൂർ പൊലീസ് സ്റ്റേഷൻ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും കൊപ്പം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പഴയ പൊലീസ് സ്റ്റേഷനുകളുടെ സങ്കൽപ്പം ഇന്ന് പൂർണ്ണമായും മാറി. ഇപ്പോൾ പരാതിയുമായി എത്തുന്നവർക്ക് ഇരിപ്പിട സൗകര്യവും, സഹായത്തിനായി ഹെൽപ്പ് ഡെസ്കും ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും കേരള പൊലീസ് മികച്ചുനിൽക്കുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാർ സേനയുടെ ഭാഗമായത് പൊലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചു. ഇത് പുതുതലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ സഹായിക്കുന്നു. കേരള പൊലീസിന് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കുറ്റാന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളില്ലാത്തതിനാൽ പൊലീസിന് സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ സാധിക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധ ശക്തികളെയും ലഹരിമാഫിയയെയും ചെറുക്കുന്നതിനും വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പൊലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ അനിവാര്യമാണ്. അതിനാൽ സോഷ്യൽ പൊലീസിങ് സംവിധാനം കൂടുതൽ ശക്തമായി തുടരാൻ സർക്കാർ തീരുമാനിച്ചു.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ശാന്തമായ ഒരന്തരീക്ഷം നിലനിർത്തുന്നുണ്ട്. എന്നാൽ, ഈ അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ശക്തികൾക്കെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണമെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ചിറ്റൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സ് കെട്ടിട ഉദ്ഘാടന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ജുഡീഷ്യറിയുടെയോ പൊലീസിന്റെയോ പ്രവർത്തനത്തിൽ എന്തെങ്കിലും പാളിച്ച വന്നാൽ ജനാധിപത്യം തന്നെ അപകടത്തിലാവുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു.
ചിറ്റൂർ - തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ എൽ കവിത, ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി മുരുകദാസ്, ചിറ്റൂർ ഡിവൈ.എസ്.പി വി എ കൃഷ്ണദാസ്, പിഡബ്ല്യുഡി(ബിൽഡിങ്സ്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷമീം, പൊലീസ് അസോസിയേഷൻ പ്രതിനിധികളായ മണികണ്ഠൻ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഒറ്റപ്പാലം യു എസ് ക്യു ക്വാര്‍ട്ടേഴ്സ് കെട്ടിട ഉദ്ഘാടന ചടങ്ങില്‍ കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ജാനകി ദേവി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍,അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി വിജയലക്ഷ്മി, നഗരസഭ കൗണ്‍സിലര്‍ നുസ്രത്ത്, ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊപ്പം പൊലീസ് സ്റ്റേഷൻ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാബിറ ടീച്ചർ, കമ്മുക്കുട്ടി എടത്തോൾ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ (കൊപ്പം), അസീസ് (തിരുവേഗപ്പുറ) ബേബി ഗിരിജ (വിളയൂർ), ഷൊർണൂർ ഡിവൈ.എസ്.പി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.