
പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കി. അവധിയിൽപോയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും തിരികെ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
പാകിസ്ഥാന്റെ ഒൻപത് ഭീകര താവളങ്ങളാണ് ഇന്ന് പുലർച്ചയോടെ ഇന്ത്യൻ സൈന്യം തകർത്തത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്.
മുരിഡ്‌കെയിലെ ലഷ്കർ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തി. മുരിഡ്‌കെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുരിഡ്‌കെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.