
തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത നിവാരണ മാർഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
1957 ൽ അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകൾ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തുവരുന്നുണ്ടെന്നും അതിന്റെ തുടർച്ച ഉറപ്പാക്കാൻ കഴിഞ്ഞ 9 വർഷക്കാലത്തെ എൽ ഡി എഫ് ഭരണത്തിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതം നീക്കിവെക്കുന്നതിൽ തന്നെ ഈ കരുതൽ കാണാനാവും. കേരള ജനസംഖ്യയുടെ 1.45 ശതമാനമാണ് പട്ടികവർഗക്കാർ. ഇവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതി അടങ്കലിന്റെ 2.83 ശതമാനമാണ് ബജറ്റിൽ നീക്കിവെക്കുന്നത്. ദേശീയതലത്തിൽ ജനസംഖ്യയുടെ 8.06 ശതമാനം വരുന്ന പട്ടികവർഗക്കാർക്കായി കേന്ദ്ര സർക്കാർ ബജറ്റിൽ 3.08 ശതമാനം മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സർക്കാർ പട്ടികവിഭാഗക്കാർക്കായി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്നത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിൽ ജീവിക്കാൻ കേരളത്തിലെ പട്ടിക വിഭാഗക്കാർക്ക് കഴിയുന്നുണ്ട്. ഒരുതരത്തിലുള്ള വേർതിരിവുമില്ലാതെ, ജാതിയുടെ പേരിലുള്ള ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യ തുല്യതയോടെ സമാധാനപൂർണ്ണമായി ജീവിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ ഇതല്ല സ്ഥിതിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
2016-17 സാമ്പത്തിക വർഷം മുതൽ സംസ്ഥാനത്തെ പട്ടിക വിഭാഗ പദ്ധതികൾക്കായി വകയിരുത്തിയ 5,752.09 കോടിയിൽ 4,733.85 കോടി രൂപയും ചെലവഴിക്കാനായി. മഹാമാരികളെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഈ നിലയ്ക്ക് പദ്ധതികൾ നടപ്പാക്കിയത്. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 697.13 കോടി രൂപയാണ്. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ ഒരാൾപോലും കൊഴിഞ്ഞു പോകാതെ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ വലിയ പരിഗണനയാണ് സർക്കാർ നൽകിവരുന്നത്. 4.50 ലക്ഷം കുട്ടികൾ പട്ടികജാതി വിഭാഗത്തിലും 80,000 കുട്ടികൾ പട്ടികവർഗ്ഗ വിഭാഗത്തിലും വിവിധ സ്‌കോളർഷിപ്പുകളോടെ ഇവിടെ പഠിച്ചു വരുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നത് പട്ടിക വിഭാഗങ്ങൾക്കിടയിലെ സാമൂഹ്യ പുരോഗതിയുടെ സൂചകങ്ങളാണ്. 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും, 194 പ്രീ മെട്രിക്, 29 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും മികച്ച നിലയിൽ പ്രവർത്തിക്കുന്നു. വിദ്യാവാഹിനി പദ്ധതിയിലൂടെ വിദൂര ഊരുകളിലെ കുട്ടികളെയും വാഹനത്തിൽ സ്‌കൂളിലെത്തിക്കുന്നുണ്ട്. 186 പഞ്ചായത്തുകളിലെ 25,147 വിദ്യാർത്ഥികൾ വിദ്യാവാഹിനി പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
വിദേശ പഠനം, പൈലറ്റ് പരിശീലനം, എയർ ഹോസ്റ്റസ്, എയർപോർട്ട് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളിലും നിരവധി വിദ്യാർത്ഥികളാണ് പഠിച്ചു വരുന്നത്. പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ സ്വപ്നങ്ങളാണ് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമായിട്ടുള്ളത്. ഇതൊക്കെയാണ് യഥാർത്ഥ കേരള സ്റ്റോറി. ഭൂരഹിതരായ പട്ടികവർഗക്കാരെ ഭൂമിയുടെ അവകാശികളാക്കുന്ന പ്രവർത്തനങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കാനായി. ഭൂരഹിതരായ 9,162 പട്ടികവർഗ കുടുംബങ്ങൾക്കായി 8,680.64 ഏക്കർ ഭൂമിയാണ് 9 വർഷം കൊണ്ട് വിതരണം ചെയ്തത്. വയനാട്ടിലെ മരിയനാട് എസ്റ്റേറ്റ് ഭൂമിയുടെ വിതരണം കൂടി പൂർത്തിയാകുന്നതോടെ ആ ജില്ലയിലും ഭൂരഹിത ആദിവാസികളുടെ എണ്ണം നാമമാത്രമാകും. തിരുവനന്തപുരം ജില്ല ഭൂരഹിതരായ പട്ടികവർഗ്ഗക്കാരില്ലാത്ത ആദ്യ ജില്ലയായി മാറിക്കഴിഞ്ഞു. വൈകാതെ തന്നെ കൊല്ലവും മലപ്പുറവും ആ പദവിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രണ്ട് പതിറ്റാണ്ടായി നടന്നുവന്നിരുന്ന ചെറ്റച്ചൽ ഭൂസമരം പരിഹരിക്കപ്പെട്ടു. അവിടെ അർഹരായവർക്കെല്ലാം ഭൂമി പതിച്ച് നൽകി. ഭവനരഹിതരായ 18 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണ പ്രവൃത്തികളും ആരംഭിച്ചു. പട്ടികവർഗ തൊഴിലാളികളുടെ തൊഴിൽ സംരംഭമായ ‘ഗോത്ര ജീവിക’ സംഘമാണ് ഈ വീടുകൾ നിർമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. യുവജനങ്ങൾക്ക് നിർമ്മാണ മേഖലയിൽ തൊഴിൽ പരിശീലനത്തിനുള്ള അവസരവും ഗോത്ര ജീവിക സംഘം ചെറ്റച്ചലിൽ ഒരുക്കുന്നുണ്ട്. ലൈഫ് മിഷനിലൂടെ 1,16,610 പട്ടികജാതി വിഭാഗക്കാർക്കും 43,629 പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഭവനങ്ങൾ ലഭ്യമാക്കി. വകുപ്പ് നടപ്പാക്കുന്ന സേഫ് പദ്ധതിയിൽ 11,851 പട്ടികവർഗ വീടുകൾ അടച്ചുറപ്പള്ളതാക്കി. മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്കും ഭൂമി പതിച്ചു നൽകുകയാണ്.
വനാവകാശ നിയമപ്രകാരം വ്യക്തിഗത രേഖകൾ അനുവദിച്ച 566 ഫോറസ്റ്റ് വില്ലേജുകളെ റവന്യൂ വില്ലേജുകളായി മാറ്റിയിട്ടുണ്ട്. ഈ വനഗ്രാമങ്ങളിലെ 29,422 കുടുംബങ്ങളുടെ ഭൂമിയാണ് റവന്യു വില്ലേജിൽ ഉൾപ്പെടുത്തുന്നത്. വനാവകാശ രേഖകൾ തണ്ടപ്പേരിൽ ചേർക്കുന്നതോടെ വായ്പയ്ക്കും സബ്‌സിഡികൾക്കും മറ്റുമായി ഇവർക്കും ഭൂമി ഈട് വയ്ക്കാനാകും. പ്രകൃതിദുരന്തങ്ങൾ പലപ്പോഴും ആദിവാസി മേഖലകളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടാണ് ഓരോ ഉന്നതിയിലും പ്രത്യേക ദുരന്ത നിവാരണ പദ്ധതി ഉണ്ടാകണമെന്ന് സർക്കാർ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷമായി പട്ടികവർഗക്കാരുടെ വികസനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കാലഘട്ടത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി സമസ്ത മേഖലകളിലെ മുന്നേറ്റങ്ങൾക്ക് ഇനിയും പ്രാമുഖ്യം നൽകുന്നും മന്ത്രി പറഞ്ഞു.
ഉന്നതികളിലെ ദുരന്ത നിവാരണ മാർഗരേഖ മുഖ്യമന്ത്രി പട്ടികവർഗല വികസന വകുപ്പ് ഡയറക്ടർ രേണു രാജിന് നൽകി പ്രകാശനം ചെയ്തു.
പാരമ്പര്യ നെൽവിത്തിന സംരക്ഷകനായ ചെറുവയൽ രാമനേയും പാരമ്പര്യ ഗോത്ര വൈദ്യത്തിൽ അഗ്രഗണ്യയായ ലക്ഷ്മിക്കുട്ടിയമ്മയേയും മക്കൾ വളർത്തി എന്ന അപൂർവയിനം കൈതച്ചക്കയുടെ സംരക്ഷണത്തിന് പരപ്പിയേയും സിവിൽ സർവീസിലെ ഉന്നത വിജയത്തിന് ശ്രീധന്യ സുരേഷിനേയും ദേശീയ ഗെയിംസിൽ ജൂഡോയിൽ വിജയം നേടിയ ദേവീകൃഷ്ണേയും പിന്നണി ഗായികയായ നഞ്ചിയമ്മയേയും പരിപാടിയിൽ മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിദേശ പഠനത്തിനുളള ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് ഓഫർ ലെറ്റർ മന്ത്രി ഒ ആർ കേളു വിദ്യാർഥികൾക്ക് കൈമാറി. നൂറു ശതമാനം വിജയം നേടിയ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കുളള ട്രോഫിയും പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ലാപ് ടോപ്പും മന്ത്രി വിതരണം ചെയ്തു.
വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ആന്റണി രാജു, ഡി കെ മുരളി, ജി സ്റ്റീഫൻ, ഒ എസ് അംബിക, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കിർടാഡ്സ് ഡയറക്ടർ ബിന്ദു എസ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അരുൺ ജെ ഒ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം ബി വിദ്യാധരൻ കാണി തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് കേരളത്തിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് നിന്നും തദ്ദേശ ജനതയുടെ ഘോഷയാത്രയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്.