പോലീസ് സംവിധാനം കുത്തഴിഞ്ഞതിന് കാരണം മുഖ്യമന്ത്രി; എട്ടുമാസം കഴിഞ്ഞ് കോൺഗ്രസ് അധികാരത്തിൽവരുമ്പോൾ സുജിത്തിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടും- കെ. മുരളീധരൻ

03:19 PM Sep 10, 2025 |


തിരുവനന്തപുരം: പോലീസ് സംവിധാനം കുത്തഴിഞ്ഞതിന് കാരണം മുഖ്യമന്ത്രിയാണെന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ വ്യാപകമായ മർദ്ദനങ്ങളാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നടന്നുപോകുന്നവർ പോലും മൂക്കിൽ പഞ്ഞിവെച്ച് വരേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളും പിടിച്ചുവച്ചിരിക്കുന്ന പിണറായിക്ക് അവയൊന്നും നോക്കാൻ സമയമില്ലെന്നും എഡിജിപി അജിത് കുമാറാണ് അധോലോക സംഘത്തെ നിയന്ത്രിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

പോലീസിൽ മാഫിയാ സംഘം രൂപംകൊണ്ട കാലം മുതൽ പിണറായി വിജയന് കണ്ടകശനി തുടങ്ങി. അത് അദ്ദേഹത്തെയും കൊണ്ടേ പോകൂ എന്നും മുരളീധരൻ വിമർശിച്ചു. സുജിത്തിനെ കുനിച്ചുനിർത്തി ഇടിച്ച പോലീസുകാരുടെ ആവേശം ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ എവിടെപ്പോയെന്നും മുരളീധരൻ ചോദിച്ചു.

സുജിത്തിനെ മർദ്ദിച്ച നാല് പോലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. എട്ടുമാസം കഴിഞ്ഞ് അധികാരത്തിൽവന്നാൽ ഇവരെ പിരിച്ചുവിടുമെന്നും മുരളീധരൻ പറഞ്ഞു. എട്ട് മാസത്തിനിടയ്ക്ക് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ചുണക്കുട്ടികളാണ് നമ്മുടെ പ്രവർത്തകർ. പുറത്തിറങ്ങിയാൽ അടിച്ചു കാലൊടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

പേരൂർക്കട സ്റ്റേഷനിൽ ദളിത് യുവതിയെ വിവസ്ത്രയാക്കിയ സംഭവം ചൂണ്ടിക്കാട്ടിയ മുരളീധരൻ, കൊടി സുനിക്ക് മൊബൈൽ കൊടുക്കുന്ന പോലീസ് പേരൂർക്കടയിലെ ബിന്ദുവിന് വീട്ടിലേക്ക് വിളിക്കാൻ ഫോൺ കൊടുത്തില്ലെന്നും വിമർശിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കുറ്റം ചെയ്തവരെയാണ് ഉരുട്ടിയതെങ്കിൽ ഇന്ന് കാണുന്നവരെയെല്ലാം ഉരുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.