ഉപഭോക്താക്കൾ പ്രായപൂർത്തിയായവരാണോ കൗമാരക്കാരാണോ എന്ന് തിരിച്ചറിയാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇൻസ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇൻസ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകൾ ടീൻ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും.
പ്രായപൂർത്തിയായവരുടെ ജനനതീയ്യതി നൽകി നിർമിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവിൽ യു.എസിൽ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാം പ്രായനിയന്ത്രണം കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത ഇൻസ്റ്റഗ്രാം ഉള്ളടക്കങ്ങൾ കൗമാരക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നുമുള്ള കണ്ടെത്തലിൽ യു.എസിൽ കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഉള്ളടക്കങ്ങളുടെ സ്വഭാവം, ഇടപഴകുന്ന മറ്റ് അക്കൗണ്ടുകൾ ഏതെല്ലാം, എപ്പോഴാണ് അക്കൗണ്ട് നിർമിക്കപ്പെട്ടത്, പ്രൊഫൈൽ വിവരങ്ങൾ എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് പുതിയ എഐ സാങ്കേതികവിദ്യ ഇൻസ്റ്റഗ്രാം ഉപഭോക്താവിന്റെ പ്രായം നിശ്ചയിക്കുന്നത്. കൗമാരക്കാരാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ടുകൾ ഓട്ടോമാറ്റിക് ആയി 'ടീൻ അക്കൗണ്ട്' ആയി മാറും.
കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകൾ അവതരിപ്പിക്കപ്പെട്ടത്. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുമായാണ് ഇത് അവതരിപ്പിച്ചത്. 16 വയസിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് ടീൻ അക്കൗണ്ടുകളായി മാറ്റുക. ഇതിൽ ശക്തമായ പാരന്റൽ കൺട്രോളുകളും ഉണ്ടാവും.