ശ്രീനഗർ; ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായാണ് വിവരം.
ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പഹൽഹാം സൈന്യത്തിന്റെ വലയത്തിലായിരുന്നു. കശ്മീരിൽ വിവിധയിടങ്ങളിൽ സൈന്യം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 28 പേർ കൊല്ലപ്പെട്ടിരുന്നു. പഹൽഗാം ആക്രമണം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.