തളിപ്പറമ്പ: ആതുര സേവന രംഗത്ത് ജാതിമത, വർഗ വർണ്ണ ലിംഗ വിവേചനമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സി.എച്ച് സെൻ്ററുകളെന്ന് എം.കെ മുനീർ എം.എൽ.എ. സി. എച്ച് സെൻ്റർ പതിനഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കുടുംബ സംഗമം ഏഴാം മൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതുര സേവന രംഗത്ത് വിജയകരമായി മുന്നേറുന്ന തളിപ്പറമ്പ് സി.എച്ച് സെൻ്ററിന് ധാരാളം ശാഖകൾ ഉണ്ട്. സഹായം തേടിയെന്നവരെ മാത്രമല്ല അവരുടെ കുടുബത്തിനും ആശ്രയമായി മാറുകയാണ് സി.എച്ച് സെൻ്റർ. ഭിന്നശേഷി കുട്ടികളുടെ പ്രശ്നങ്ങളും ആതുര സേവനവും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകലും എൻ്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ ശ്രദ്ധിച്ചിരുന്ന കാര്യങ്ങളാണ്.
ഏത് കാര്യത്തിന് വേണ്ടയാണോ അദ്ദേഹം ജീവിച്ചത്, അവയെല്ലാം അദ്ദേഹത്തിൻ്റെ മരണ ശേഷവും നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ സി.എച്ച് സെൻ്ററുകളിലൂടെ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. ആതുര സേവന രംഗത്ത് ജാതിമത, വർഗ വർണ്ണ ലിംഗ വിവേചനമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സി.എച്ച് സെൻ്റർ.
സഹായം തേടിയെത്തുന്നവരുടെ പ്രശ്നങ്ങൾക്ക് മാത്രമാണ് ഇവിടെ മുൻഗണന നൽകുന്നത്. സി.എച്ച് സെൻ്ററിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നത് ഏറെയും സഹോദരിമാരാണ്. അവർക്ക് മറ്റുള്ളവരുടെ വിഷമങ്ങൾ തങ്ങളുടെതാക്കി മാറ്റി അവരുടെ ഹൃദയത്തിൽ ഇടം നേടി സാന്ത്വനം നൽകാൻ സാധിക്കുന്നു. സിംപതിയെക്കാൾ എംപതിയാണ് അവരുടെയുള്ളിൽ ഉള്ളതെന്നും ഡോ. എം.കെ മുനീർ പറഞ്ഞു.
സി.എച്ച് സെൻ്റർ കല്യാശേരി, പയ്യന്നൂർ മണ്ഡലം കുടുബ സംഗമങ്ങൾ നേരത്തേ തന്നെ പൂർത്തിയായി. തളിപ്പറമ്പ് മണ്ഡലം കുടുംബ സംഗമത്തിനുശേഷം 30 ന് ഇരിക്കൂർ മണ്ഡലം കുടുംബ സംഗമം ചെങ്ങളായിയിൽ നടക്കും.
അഴീക്കോട് മണ്ഡലം സംഗമം അടുത്ത ദിവസം തന്നെ നടക്കും. ഇബ്രാഹിം കുട്ടി തിരുവട്ടൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ചേലേരി പദ്ധതി വിശദീകരിച്ചു. ഉമർ നദ് വി തോട്ടിക്കൽ പ്രാർത്ഥന നിർവ്വഹിച്ചു. എസ്. മുഹമ്മദ്, മുസ്തഫ ഹുദവി ആക്കോട് എന്നിവർ പ്രഭാഷണം നടത്തി. പി.വി അബ്ദുൽ ശുക്കൂർ, കെ.ടി സഹദുല്ല. മഹമ്മൂദ് അള്ളാംകുളം, ഒ.പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.