ചിലി പ്രസിഡന്റ് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ

03:30 PM Apr 01, 2025 | Rejani TVM

ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ചിലി പ്രസിഡന്റ് ​ഗബ്രിയൽ ബോറിക് ഫോണ്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ചിലി പ്രസിഡന്റ് എത്തിയത്. ഇന്ത്യ- ചിലി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

ഉഭയകക്ഷി ചർച്ചകൾക്കായി വിപുലമായി ചർച്ചകൾ നടത്താനാണ് ഇരുനേതാക്കളും തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗബ്രിയൽ ബോറിക് ഫോണ്ട് രാജ്ഘട്ടിലെത്തി മഹാത്മാ​ഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു. ഊഷ്മള സ്വീകരണമാണ് വിദേശകാര്യ മന്ത്രാലയം ഒരുക്കിയിരുന്നത്.

പ്രധാനമന്ത്രിയെ കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായികൾ, വിവിധ മേഖലകളിലെ പ്രതിനിധികൾ, സർക്കാർ ഉദ്യോ​ഗസ്ഥ‍ർ എന്നിവരുമായും ഫോണ്ട് കൂടിക്കാഴ്ച നടത്തും. വിദ്യാർത്ഥികളുമായി സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തുമെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് ചിലി പ്രസി‍ഡന്റ് ഇന്ത്യയിലെത്തിയത്. ‘സുപ്രധാന സന്ദർശനം’ എന്നാണ് ഇന്ത്യാ സന്ദർശനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ഗബ്രിയൽ ബോറിക് ഏപ്രിൽ അ‍ഞ്ച് വരെ രാജ്യത്തുണ്ടാകും.