+

ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിൽ: മന്ത്രി റോഷി അഗസ്റ്റിൻ

ഗ്രാമീണ റോഡുകളുടെ നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ അടക്കം നിരവധി വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിൽ നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കൊമ്പൊടിഞ്ഞാലിൽ  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിലാണ്.

ഇടുക്കി : ഗ്രാമീണ റോഡുകളുടെ നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ അടക്കം നിരവധി വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിൽ നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കൊമ്പൊടിഞ്ഞാലിൽ  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിലാണ്.

എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പുവരുത്തുന്ന ജലജീവൻ മിഷൻ പദ്ധതി പുരോഗമിക്കുകയാണ്.  ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാനത്ത്  17 ലക്ഷം കുടുംബങ്ങളിലാണ് ശുദ്ധജലം എത്തിയിരുന്നത്. 60 വർഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് ശുദ്ധജലം ലഭിച്ചിരുന്നത്. ഈ സർക്കാർ അധികാരമേറ്റ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട്  44 ലക്ഷം കുടുംബങ്ങളിൽ  ശുദ്ധജലമെത്തിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു.

കൊമ്പൊടിഞ്ഞാൽ ജനതാ ലൈബ്രറി ആരംഭിക്കുന്നതിന് 5 ലക്ഷം രൂപയും,മുനിയറ പാൽ സൊസൈറ്റി വിപുലീകരിക്കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചതായും കൊമ്പൊടിഞ്ഞാലിൽ നടന്ന ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് മന്ത്രി പ്രഖ്യാപിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് കൊമ്പൊടിഞ്ഞാൽ സൗത്ത് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.മൈപ്പാൻ പടി - കാറ്റാടിപാറ റോഡിൻ്റെ നിർമ്മാണോദ്ഘാടനം, നിർമ്മാണം പൂർത്തിയായ  ചിന്നാർ - പുളിക്കപ്പടി റോഡ് ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.

പണിക്കൻകുടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ 3 കോടി രൂപയുടെ പുതിയ കെട്ടിട നിർമ്മാണം നടക്കുകയാണ്. എല്ലാ വീടുകളിലും മഴക്കാലത്തും വേനൽക്കാലത്തും ശുദ്ധജലമെന്ന ലക്ഷ്യത്തോടെ ജലജീവൻ മിഷൻ പദ്ധതിയിൽ കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ 140 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊൻമുടി ഡാമിൽ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ഓരോ വീട്ടിലും കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാറ്റാടിപ്പാറ വിനോദ സഞ്ചാര കേന്ദ്രം വികസനത്തിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഇതിൻ്റെ തുടർച്ചയായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.പണിക്കൻകുടി - എസ്എൻഡിപി പടി- കുരിശിങ്കൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ അനുവദിച്ചതായും മൈപ്പാൻപടിയിൽ നടന്ന യോഗത്തിൽ  മന്ത്രി പ്രഖ്യാപിച്ചു.
 
കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമ്യ റനീഷ് യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.മുള്ളിരിക്കുടി വാർഡിലെ മൈപ്പാൻപടി - കാറ്റാടിപ്പാറ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. മൈപ്പാൻപടി - കാറ്റാടിപാറ റോഡ് രണ്ട് കിലോ മീറ്റർ ദൂരം ആധുനിക  നിലവാരത്തിലാണ് നിർമ്മിക്കുന്നത്. റോഡ് പൂർത്തിയാകുന്നതോടെ കാറ്റാടിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ വികസനത്തിനും വഴി തെളിയും.

മൈപ്പാൻപടിയിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളായ ജോബി കുന്നക്കാട്ട്, ബിന്ദു സാൻ്റി, ടി.പി മൽക്ക, ഷിനി സജീവൻ,   വിവിധ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രിയ സംഘടന പ്രതിനിധികളായ  എൻ.വി  ബേബി, ഷാജി കാഞ്ഞമല, വിത്സൺ തോമസ്, വി.കെ സലിം, കെ. ആർ സലിം കുമാർ, ബിനു അമ്പാട്ട് എന്നിവർ സംസാരിച്ചു.    എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ചിന്നാർ - പുളിക്കപ്പടി റോഡിൻ്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്.ചിന്നാർ പാലത്തിന് സമീപം ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ  റ്റി.കെ കൃഷ്ണൻകുട്ടി, ടി പി മൽക്ക തുടങ്ങിയവർ പങ്കെടുത്തു.

facebook twitter