
തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമൂഹത്തിന് എതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപിക്ക് അനുകൂലമായി കേരളത്തിലുണ്ടാകുന്ന തരംഗത്തെ അട്ടിമറിക്കാനും താറടിക്കാനുമാണ് ഇൻഡിസഖ്യം ശ്രമിക്കുന്നത്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ ക്രൈസ്തവ സഹോദരിമാർക്ക് നീതി ലഭ്യമാക്കണം എന്നത് തന്നെയാണ് ബിജെപിയുടെ നിലപാട്.
വിഷയത്തിൽ ഛത്തീസ്ഗഡ് സർക്കാർ ഒരു തരത്തിലും മതപരമോ രാഷ്ട്രീയമോ ആയ വിവേചനം കാട്ടുന്നില്ല. നിയമവിരുദ്ധമായ ഒന്നുംതന്നെ കന്യാസ്ത്രീകൾ ചെയ്തിട്ടില്ലെങ്കിൽ അവർ മോചിതരാകുക തന്നെ ചെയ്യും. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്നും വി.മുരളീധരൻ പ്രതികരിച്ചു. 2022 ൽ ഛത്തീസ്ഗഢ് കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ ക്രിസ്തീയ സഹോദരങ്ങൾക്കെതിരെ നടന്നിട്ടുള്ള അക്രമം132 എണ്ണമാണ്. ഇതെല്ലാം ഭരിക്കുന്ന സർക്കാർ ചെയ്യിപ്പിച്ചതാണോ എന്ന് കോൺഗ്രസ് മറുപടി പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.ക്രൈസ്തവസ്നേഹം പറയുന്ന ഇൻഡി സഖ്യം മുനമ്പം വിഷത്തിൽ എവിടെയായിരുന്നുവെന്ന ചോദ്യവും വി.മുരളീധരൻ ഉയർത്തി. ഒരു ക്രിസ്ത്യൻ ഗ്രാമം ഒന്നടങ്കം കുടിയിറക്ക് ഭീഷണിയിൽ നിൽക്കുമ്പോൾ ഇവർ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാജനങ്ങളേയും ഉൾക്കൊള്ളുന്ന ക്ഷേമപ്രവർത്തനമാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നത്. വീടായാലും റോഡായാലും വെള്ളമായും മരുന്നായാലും മതമോ സമുദായമോ രാഷ്ട്രീയമോ നോക്കിയല്ല കേന്ദ്രം നൽകിവരുന്നത്. വീടില്ലാത്തവർക്ക് രാഷ്ട്രീയവും മതവും നോക്കി വീട് കൊടുക്കുന്നവരാണ് സിപിഎം. ആരുടേയും ശുപാർശകളില്ലാതെ രാഷ്ട്രീയ പരിഗണനയില്ലാതെ വീട് കൊടുക്കാൻ തുടങ്ങിയത് നരേന്ദ്രമോദി സർക്കാരാണ്. ഈ മാറ്റം ജനങ്ങൾക്ക് മനസിലിയാട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധമായ സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊലപാതകികളും കള്ളന്മാരും കൈക്കൂലിക്കാരും വാഴുന്ന കേരളമായി നാട് മാറി.
ആശുപത്രിയിൽ പോയാൽ കെട്ടിടം ഇടിഞ്ഞ് മരിക്കും , സ്കൂളിൽ പോകുന്ന കുട്ടികൾ ഷോക്കടിച്ചോ പട്ടി കടിച്ചോ മരിക്കും, നാട്ടിൽ ഇറങ്ങി നടന്നാൽ ആനകുത്തിയോ കടുവ കടിച്ചോ മരിക്കും എന്നതാണ് സ്ഥിതി. എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ എല്ലാവരേയും ശരിയാക്കുന്ന അവസ്ഥയിലെത്തിയെന്നും വി.മുരളീധരൻ പരിഹസിച്ചു. പള്ളിത്തുറയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻകേന്ദ്രമന്ത്രി. പള്ളിത്തുറ ബിജെപി കാര്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.