+

ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കും: മന്ത്രി ജെ ചിഞ്ചുറാണി

പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ട് ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം  നടപ്പിലാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ട് ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം  നടപ്പിലാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കന്നുകാലികളുടെ പൂര്‍ണ വിവരം ലഭ്യമാകുന്ന പദ്ധതി ഏഴര കോടി രൂപ ചിലവിലാണ് ആരംഭിച്ചത്. പശുക്കളുടെ ചെവിയില്‍ ഘടിപ്പിച്ച ചിപ്പ് അധിഷ്ടിത ടാഗ്  വഴി ഉടമ, നല്‍കിയ വാക്‌സിനേഷന്‍ വിവരം തുടങ്ങിയവ ലഭ്യമാകും.

തെരുവ് നായ്ക്കളെ വന്ധ്യകരിക്കുന്നതിനു പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കും.  ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മൃഗസംരക്ഷണ വകുപ്പ് ഒരുക്കും.

സാധാരണക്കാരായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ഇന്‍ഷൂറന്‍സ്, പലിശരഹിത വായ്പാ, ധനസഹായം,കിടാരി പാര്‍ക്ക്, ക്ഷീരഗ്രാമം പദ്ധതി, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവര്‍ത്തനം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് വീട്ടുമുറ്റത്ത് മൃഗചികിത്സാസേവനം ലഭ്യമാക്കുന്നതിന് ആംബുലന്‍സുകള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
ക്ഷീര സംഗമത്തിലൂടെ  ക്ഷീരോല്‍പാദന പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാനും കര്‍ഷകര്‍ക്ക് ശാസ്ത്രീയ അറിവ് പകരാനും സാധിക്കുന്നുവെന്ന് അധ്യക്ഷന്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും ബ്ലോക്കിലെ മികച്ച ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷീരമേഖലയിലെ വ്യവസായ പദ്ധതി,  ആദായകരമായ പാലുല്‍പാദനം ഗുണമേന്മ വര്‍ധനവിലൂടെ,  ബാങ്ക് വായ്പകളും വ്യവസ്ഥകളും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

facebook twitter