
വാഷിങ്ടൺ: ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന് 90 ദിവസത്തെ ഇടവേള നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച പുലർച്ച 12.01ന് പ്രാബല്യത്തിൽവരേണ്ടിയിരുന്ന 54 ശതമാനം തീരുവയാണ് നവംബർ 10 വരെ മരവിപ്പിച്ചത്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പ്രഖ്യാപിച്ച 34 ശതമാനം തീരുവ നടപ്പാക്കുന്നത് ചൈനയും നീട്ടിവെച്ചു.
അതേസമയം, ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക നേരത്തേ ഏർപ്പെടുത്തിയ 30 ശതമാനം തീരുവയും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈന പ്രഖ്യാപിച്ച 10 ശതമാനം തീരുവയും തുടരും.
ചൈനക്കെതിരെ 145 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. 125 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചാണ് ചൈന ഇതിനോട് പ്രതികരിച്ചത്. എന്നാൽ, കഴിഞ്ഞ മേയിൽ ജനീവയിൽ നടന്ന ആദ്യഘട്ട വ്യാപാര ചർച്ചയെത്തുടർന്ന് ഭീമൻ തീരുവ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.