ധാക്ക: ബംഗ്ലാദേശിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഹിന്ദു സന്യാസിയും സമ്മിളിത സനാതനി ജോട് സംഘടന നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിന് ജാമ്യം. ബംഗ്ലാദേശ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ വൈകാതെ അദ്ദേഹം പുറത്തിറങ്ങും.
കഴിഞ്ഞ വർഷം നവംബർ 25ന് ചിറ്റഗോങ്ങിൽ നടന്ന പരിപാടിയിൽ ദേശീയപതാകയെ അനാദരിച്ചെന്ന കേസിലാണ് ധാക്ക ഹസ്രത്ത് ഷാജലാൽ വിമാനത്താവളത്തിൽനിന്ന് ചിൻമോയ് കൃഷ്ണ ദാസ് അറസ്റ്റിലാകുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസിൽ പ്രാദേശിക കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതുടർന്ന് ജനുവരി രണ്ടിന് കൃഷ്ണദാസ് ജയിലിലായി.
ഫെബ്രുവരിയിൽ കേസ് പരിഗണിച്ച ഹൈകോടതി ജാമ്യാപേക്ഷയിൽ സർക്കാറിൻറെ നിലപാട് തേടിയിരുന്നു. സന്യാസി മാതൃരാജ്യത്തെ തന്റെ അമ്മയെപോലെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം രാജ്യദ്രോഹിയല്ലെന്നുമാണ് കൃഷ്ണദാസിൻറെ അഭിഭാഷകൻ അപൂർബ കുമാർ ഭട്ടാചാര്യ കോടതിയിൽ വാദിച്ചത്. ഈ വാദം തള്ളിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.