രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പ്രതിപക്ഷ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തിയ വോട്ട് മോഷണം എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി ഉന്നയിച്ച അവകാശവാദങ്ങളില്‍ വസ്തുതാ പരിശോധന നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ബിഹാറിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ (SIR) സുതാര്യതയുണ്ടെന്ന തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകളുടെ ഒരു പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്ക് വെച്ചിട്ടുണ്ട്. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ വീഡിയോ സാക്ഷ്യപത്രങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചു
ബിഹാറിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങളും പങ്ക് വെച്ചിട്ടുണ്ട്. എസ്ഐആര്‍ പരിശോധന നടത്തുമ്പോള്‍ ഫീല്‍ഡ് തലത്തില്‍ ഏറ്റവും ഉയര്‍ന്ന സുതാര്യത ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.