
ഇന്ത്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടു എന്ന് പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് നല്കിയ മറുപടിയിലൂടെ പാക് പ്രതിരോധ മന്ത്രി ലോകത്തിന് മുന്പില് സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. ചില സോഷ്യല്‍ മീഡിയ വീഡിയോകളാണ് പ്രതിരോധ മന്ത്രി തെളിവായി ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് തിരിച്ചടിച്ചെന്നും ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നുമാണ് പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടത്. തകര്‍ന്ന വിമാനങ്ങളുടെ തെളിവ് എവിടെയെന്ന് സിഎന്‍എന്നിലെ ബെക്കി ആന്ഡേഴ്സണ് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് പാക് പ്രതിരോധ മന്ത്രി നല്‍കിയത്- 'എല്ലായിടത്തും വീഡിയോകളുണ്ട്. പാകിസ്ഥാനികളുടെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ഇന്ത്യക്കാരുടെ സോഷ്യല്‍ മീഡിയയിലുമുണ്ട്'- ആധികാരികമായ തെളിവ് പുറത്തുവിടാതെ സോഷ്യല്‍ മീഡിയ വീഡിയോകള്‍ തെളിവായി ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടിയത് ആഗോള തലത്തില്‍ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി.