രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. ജയ്പൂരിലെ നീരദ് മോദി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ അമൈറ(9)യാണ് മരിച്ചത്. 47 അടി ഉയരത്തില്‍ നിന്ന് അമൈറ ചാടുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നു. കുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടെങ്കിലും പ്രേരണയെന്തെന്നതില് വ്യക്തതയില്ല.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടി കെട്ടിടത്തിന്റെ കൈവരിയില്‍ കയറുന്നതും തുടര്‍ന്ന് താഴേക്ക് ചാടുന്നതും സിസിടിവി ദൃശങ്ങളിലുണ്ട്. എന്നാല്‍ വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും കുട്ടി വീണ സ്ഥലം വൃത്തിയാക്കിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തി. അധ്യാപകരുടെയും സ്കൂള്‍ ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിട്ടുള്ളത്.