
കോവിഡിന് ശേഷം ഇന്ത്യയിൽ ഓൺലൈൻ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയ ബൈജൂസിനെ അധികമാരും മറന്നു കാണില്ല . ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയുൾപ്പടെ പ്രധാന സ്പോൺസറായിരുന്നു ഈ എഡ്ടെക് കമ്പനി. ബൈജു രവീന്ദ്രനായിരുന്നു മേധാവി
ഇന്ത്യയിലെ ഏറ്റവും ജനകീയമായ എഡ്ടെക് കമ്പനിയായിരുന്ന ബൈജൂസിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. കളം മാറ്റി ചവുട്ടിയതിന്റെ ഫലമായി പിടിച്ചു നിൽക്കാനാവാതെ ഉലഞ്ഞു തുടങ്ങി. സുസ്ഥിരമല്ലാത്ത ചെലവുകൾ, ഓൺലൈൻ പഠനത്തിൽ നിന്നുള്ള മാറ്റം, നിയമപരമായ തർക്കങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം നാടകീയമായ ഇടിവ് നേരിട്ടു. കമ്പനിക്ക് കാര്യമായ നഷ്ടം വന്നു. ഇത് പിരിച്ചുവിടലുകളിലേക്കും ട്യൂഷൻ സെന്ററുകൾ അടച്ചുപൂട്ടലിലേക്കും ഒടുവിൽ പാപ്പരത്ത നടപടികളിലേക്കും നയിച്ചു.
ഒരുപാട് നാളത്തെ നിയമ പോരാട്ടത്തിന് ശേഷം ഇപ്പോൾ മനസ് തുറക്കുകയാണ് ബൈജു രവീന്ദ്രൻ. 'ഞങ്ങൾ കോടതിമുറികളിലല്ല. ക്ലാസ് മുറികളിലാണ് ഉണ്ടാവേണ്ടത്. അവിടെ നിന്നാണ് തുടങ്ങിയത് അവിടേക്കാണ് തിരിച്ചു പോകുന്നത്.' എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞു.
വിദ്യാർഥികൾ, അധ്യാപകർ, പഠനത്തിന്റെ പരിവർത്തന ശക്തി എന്നിവയിൽ തന്റെ ശ്രദ്ധ ഉറച്ചുനിൽക്കുന്നുവെന്ന് ബൈജു പറഞ്ഞു. എല്ലാ വിദ്യാർഥികളോടും ക്ഷമ ചോദിക്കുന്നതായും ഞങ്ങളെ കൊണ്ടുണ്ടായ നഷ്ടത്തിന് പരിഹാരം ചെയ്യുമെന്നും ബൈജു പറഞ്ഞു.
'തനിക്കും കമ്പനിയുടെ സഹസ്ഥാപകയായ ഭാര്യ ദിവ്യ ഗോകുൽനാഥിനും 'പൂർത്തിയാകാത്ത' സ്വപ്നമാണ് ബൈജൂസ്.'
നഷ്ടത്തിലായപ്പോൾ അടച്ചുപൂട്ടാനുള്ള സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ബൈജു പറഞ്ഞു. ഒരു നല്ല അധ്യാപകൻ ഒരിക്കലും തന്റെ വിദ്യാർത്ഥികളെ പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്ന് എടുത്ത് പറഞ്ഞ ബൈജു തന്റെ കൈവശമുള്ളതെല്ലാം BYJU'S എന്ന ഒരേയൊരു ദൗത്യത്തിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തി. തിരിച്ചടികൾ ഉണ്ടായിട്ടും പുനർനിർമ്മിക്കാനുള്ള ഉത്തരവാദിത്തം തന്റെ പക്കലുണ്ടെന്ന് വിശ്വസിക്കുന്നതായും ബൈജു പറഞ്ഞു.
'78 വയസ്സുള്ള എന്റെ അച്ഛനോട് ഏതെങ്കിലും വിദ്യാർത്ഥി എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങുന്നത് ഇന്നും ഞാൻ കാണുന്നു. അധ്യാപനമാണ് ഏറ്റവും സംതൃപ്തി നൽകുന്ന ജോലികളിൽ ഒന്ന്. അവിടെയാണ് ഞങ്ങൾക്ക് അത് പൂർത്തിയാകാത്ത സ്വപ്നമായി മാറുന്നത്. 'വിദ്യാർത്ഥികൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ്. മാതാപിതാക്കൾ തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ എല്ലാം ത്യജിക്കാൻ തയ്യാറാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു
സാമ്പത്തിക പ്രശ്നങ്ങൾ, നിയന്ത്രണ പ്രശ്നങ്ങൾ, നിയമപോരാട്ടങ്ങൾ എന്നിവ കാരണം ബൈജൂസിന്റെ സമീപകാല തകർച്ചയെക്കുറിച്ച് സംസാരിച്ച ബൈജു കഴിഞ്ഞ രണ്ട് വർഷങ്ങൾ തന്നെ ശക്തിപ്പെടുത്തിയതായി പറഞ്ഞു. 'ബിസിനസ്സുകൾ പരാജയപ്പെടാം. ബിസിനസ്സിൽ തെറ്റുകൾ സംഭവിക്കാം. എന്നാൽ സംരംഭകർ, യഥാർത്ഥ സംരംഭകർ, അവർ ഒരിക്കലും പരാജയപ്പെടില്ല. ബൈജു പറഞ്ഞു.