കാസർകോട് : നാടിന്റെ ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മ സേന വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ്. അനന്തപുരത്ത് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ ഗ്രീന്‍ പാര്‍ക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണതയിലെത്തിക്കാന്‍ പര്യാപ്തമാണ് ക്ലീന്‍ കേരള കമ്പനിയെന്ന് മന്ത്രി പറഞ്ഞു. ഹരിത കര്‍മ്മ സേനയുടെ സഹായത്തോടുകൂടി ക്ലീന്‍ കേരള കമ്പനി ജില്ലയില്‍ പ്രതിമാസം ശേഖരിക്കുന്ന 400 ടണ്‍ പാഴ് വസ്തുക്കളില്‍ നൂറ് ടണ്‍ മാത്രമാണ് തരംതിരിക്കപ്പെട്ടത്. ബാക്കിയുള്ളവയില്‍ വലിയൊരു അളവ് പാഴ്വസ്തുക്കള്‍ ഫലപ്രദമായി തരംതിരിക്കാന്‍ ഈ പ്ലാന്റ് ഉപയോഗപ്പെടും. ഏകദേശം 10000 ചതുരശ്രയടി വിസ്തീര്‍ണ്ണം ഉള്ള രണ്ടു നിലകളിലായി കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളായ അഗ്നിശമന സംവിധാനം, കസ്റ്റമൈസ്ഡ് കണ്‍വയര്‍ ബെല്‍റ്റ്, രണ്ടു ബെയലിംഗ് മെഷിനുകള്‍ മഴവെള്ള സംഭരണികള്‍ എന്നിവയും ഉള്‍പ്പെടും. തുടക്കത്തില്‍ പ്രതിദിനം അഞ്ച് ടണ്‍ പാഴ് വസ്തുക്കളെയും പിന്നീട് 15 ടണ്‍ വരെ പാഴ് വസ്തുക്കളെയും തരംതിരിച്ച് വിപണനം നടത്താനും റിജക്ട്സ് സിമന്റ് ഫാക്ടറിയിലേക്ക് അയക്കാനും പ്ലാന്റിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും നമ്പര്‍ വണ്‍ ആയ കേരളത്തെ ശുചിത്വ മേഖലയിലും പഠിക്കാനും പകര്‍ത്താനും അന്യ സംസ്ഥാനങ്ങള്‍ എത്തുന്ന കാലം വിദൂരമല്ലെന്ന് ചടങ്ങില്‍ മുഖ്യതിഥിയായ എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, പുത്തി ഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആല്‍വ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നാരായണ നായിക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ചന്ദ്രാവതി, കാസര്‍കോട് നഗരസഭ ആരോഗ്യ സ്റ്റാറ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖാലിദ് പൂച്ചക്കാട്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ജയന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ പി.ബി ശ്രീലക്ഷ്മി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി മാനേജര്‍. ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രീത, കെ.എസ്.ഡബ്ലിയു.എം.പി ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി മിഥുന്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍ സ്വാഗതവും ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി നന്ദിയും പറഞ്ഞു. മാലിന്യസംസ്‌കരണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഹരിത കര്‍മ്മ സേനകളെയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.