രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ; ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത് നട​ന്റെ അച്ഛൻ

04:41 PM Apr 19, 2025 | AJANYA THACHAN

കൊച്ചി : രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ശനിയാഴ്ച പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരി ഉപയോഗം നടന്‍ സമ്മതിച്ചത്. രാസലഹരിലായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പോലീസിന് നല്‍കിയമൊഴി. എന്നാല്‍, ഹോട്ടലില്‍ പോലീസ് സംഘം എത്തിയദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ലഹരി ഉപയോഗത്തെത്തുടര്‍ന്ന് താന്‍ നേരത്തേ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായും നടന്‍ പോലീസിനോട് പറഞ്ഞു. അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. എന്നാല്‍, 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പോലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. 

ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യംലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നതെന്നും മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും ഇനിയും വിശദമായ അന്വേഷണം വേണമെന്നുമാണ് പോലീസ് പറയുന്നത്.

കൊച്ചിയിലെ ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ ആദ്യം ഇത് നിഷേധിച്ചെങ്കിലും സജീറുമായുള്ള ഗൂഗിള്‍പേ ഇടപാടുകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിക്കുകയായിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടന്നദിവസം 20,000 രൂപയുടെ ഇടപാടാണ് ഷൈന്‍ ടോം ചാക്കോ സജീറുമായി നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.